20 ലക്ഷം നഷ്ടപരിഹാരം
Tuesday 14 October 2025 1:27 AM IST
കോട്ടയം: വാഹനാപകടത്തിൽ മരിച്ചയാളുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി 20,00,500 (ഇരുപതുലക്ഷത്തി അഞ്ഞൂറ്) രൂപ അനുവദിച്ചു. കോട്ടയം മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് ഉത്തരവിട്ടത്. ചങ്ങനാശേരി കുരിശുംമൂട് മുട്ടത്തുപടി പുത്തൻപറമ്പിൽ ടോണി തോമസ് (56) ആണ് മരിച്ചത്. 2022 മാർച്ച് 20നാണ് കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസിൽ നിന്നിറങ്ങി നടന്നു പോകുമ്പോൾ കാലുതെറ്റി സ്റ്റാൻഡിൽ വീഴുകയും മറ്റൊരു ബസ് ശരീരത്തിൽ കയറി മരണം സംഭവിക്കുകയായിരുന്നു. തുക ബസിന്റെ ഇൻഷുറൻസ് കമ്പനി കോടതി മുമ്പാകെ കെട്ടിവെക്കണം. വാദി ഭാഗത്തിന് വേണ്ടി അഡ്വ. ആന്റണി പനന്തോട്ടം കോടതിയിൽ ഹാജരായി.