പല പേരുകൾക്കൊടുവിൽ ഒ.ജെ. ജനീഷിന് നിയമനം

Tuesday 14 October 2025 2:28 AM IST

തിരുവനന്തപുരം: ഒന്നര മാസത്തിലേറെയായി നിലനിന്ന അനിശ്ചിതത്വം. പല തലങ്ങളിൽ ചർച്ച. അതിനൊടുവിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി ഒ.ജെ. ജനീഷിനെ ദേശീയ നേതൃത്വം നിയമിച്ചത്. വൈസ് പ്രസിഡന്റ് അബിൻ വർക്കി, ബിനു ചുള്ളിയിൽ, കെ.എം. അഭിജിത്ത് എന്നിവരെയും പരിഗണിച്ചിരുന്നെങ്കിലും തീരുമാനം ജനീഷിന് അനുകൂലമായി. ജനീഷിന്റെ നിയമനത്തോടെ ഈഴവ സമുദായ പ്രാതിനിധ്യവും ഉറപ്പാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേയും ഷാഫി പറമ്പിൽ എം.പിയുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ജനീഷിലേക്ക് തീരുമാനം എത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യൂത്ത് കോൺഗ്രസിന് അദ്ധ്യക്ഷനില്ലാത്ത സ്ഥിതി ദോഷകരമാവുമെന്ന് കോൺഗ്രസിലും യൂത്ത് കോൺഗ്രസ് നേതാക്കൾക്കിടയിലും അഭിപ്രായമുയർന്നിരുന്നു.

എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ സമന്വയം ഉണ്ടാവാതിരുന്നതാണ് തീരുമാനം വൈകിച്ചത്. അദ്ധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് പരസ്യമായ അഭിപ്രായ പ്രകടനങ്ങളോ അതൃപ്തി രേഖപ്പെടുത്തലോ ഉണ്ടാവരുതെന്ന് കർശന നിർദ്ദേശം കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

ലീഡറുടെ തട്ടകത്തിൽ നിന്ന്

തൃശൂർ/മാള: ലീഡർ കെ.കരുണാകരന്റെ തട്ടകത്തിൽ നിന്നാണ് അഡ്വ.ഒ.ജെ. ജനീഷ് സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നത്. മാള കുഴൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന ഓടാശേരി ജനരഞ്ജനന്റെ മൂത്ത മകനാണ്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ എൽ.എൽ.ബി പഠനം പൂർത്തിയാക്കി. തൃശൂർ ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡന്റ് പദവിയിൽ ഒരുനാൾ മാത്രം ഇരിക്കേണ്ടി വന്ന ജനീഷ് അധികം വൈകാതെ യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷനായി. 2010 മുതൽ 2012വരെ യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. 2020- 23വരെ യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു.

അബിനും അഭിജിത്തും ദേശീയ സെക്രട്ടറിമാർ

ന്യൂഡൽഹി: കേരളത്തിൽ നിന്ന് അബിൻ വർക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി നിയമിച്ചു. ഇവരടക്കം അഞ്ച് ദേശീയ സെക്രട്ടറിമാരെയും ഒരു ജോയിന്റ് സെക്രട്ടറിയെയും നിയമിച്ച് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉത്തരവിറക്കി.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി നിയമിതനായ ബിനു ചുള്ളിയിലിന്റെ ഒഴിവിലാണ് അഭിജിത്തിനെ നിയമിച്ചത്. നേരത്തെ നടന്ന യൂത്ത് കോൺഗ്രസ് പുന:സംഘടനയിൽ അഭിജിത്തിനെ ഉൾപ്പെടുത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അബിൻ വർക്കി നിലവിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. നിലവിൽ കേരളത്തിൽ നിന്ന് ഷിബിന. വി.കെ, ശ്രീലാൽ എ.എസ് എന്നിവർ ദേശീയ സെക്രട്ടറിമാരാണ്.