അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാർ
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്നു. വനിതകളുൾപ്പെടെ നാലായിരത്തോളം വരുന്ന ജീവനക്കാരാണ് തൊഴിലിടത്ത് വിശ്രമിക്കാനുള്ള സംവിധാനങ്ങളോ കുടിവെള്ളമോ ഇല്ലാതെ ദുരിതം അനുഭവിക്കുന്നത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ്,കസ്റ്റമർ സർവീസ്,റാംപ്,ക്ളീനിംഗ് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. സാറ്റസ്,ഇൻഡിഗോ,ബേർഡ് തുടങ്ങിയ കമ്പനികളാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് കരാറെടുത്തിരിക്കുന്നത്. തുച്ഛമായ ശമ്പളത്തിൽ കരാർ വ്യവസ്ഥയിലാണ് ജീവനക്കാരുള്ളത്.
ടോയ്ലെറ്റിൽ കയറിയാൽ 500 പിഴ
ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാർ ടെർമിനലിനുള്ളിലെ ടോയ്ലെറ്റിൽ കയറുക,യാത്രക്കാരുടെ സീറ്റുകളിൽ ഇരിക്കുക, യാത്രക്കാർക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനായി വച്ചിരിക്കുന്ന കപ്പുകൾ ഉപയോഗിക്കുക എന്നിവ ചെയ്താൽ 500 രൂപ പിഴ നൽകണം. ഗർഭിണിയായ ജീവനക്കാരി ദിവസങ്ങൾക്ക് മുൻപ് ജോലിക്കിടെ ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് ടെർമിനലിനുള്ളിൽ യാത്രക്കാർക്കുള്ള കസേരയിൽ ഇരുന്നപ്പോൾ അവരെ അവിടെ നിന്ന് എഴുന്നേല്പിച്ച് വിട്ടിരുന്നു. എയർപോർട്ട് അസിസ്റ്റന്റ് മാനേജരുടെ മനുഷ്യത്വ രഹിതമായ നടപടിക്ക് വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ടോയ്ലെറ്റ് അടച്ച് പൂട്ടി
വിമാനത്താവളത്തിന്റെ പുറപ്പെടൽ ഭാഗത്ത് ജീവനക്കാർക്കായുണ്ടായിരുന്ന ഒരു ടോയ്ലെറ്റ് വികസനത്തിന്റെ പേരിൽ അടച്ചുപൂട്ടി. വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയായിൽ അഞ്ച് രൂപ കോയിൻ ഉപയോഗിച്ച് ഉപയോഗിക്കാവുന്ന പത്തോളം ടോയ്ലെറ്റ് കൗണ്ടറുകൾ എയർപോർട്ട് അതോറിട്ടി സ്ഥാപിച്ചിരുന്നു. എന്നാൽ ഇതും അടച്ചുപൂട്ടി.
ജീവനക്കാർക്കും പാർക്കിംഗ് ഫീ
ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാർ ബൈക്കുകൾ വിമാനത്താവളത്തിൽ പാർക്ക് ചെയ്താൽ പ്രതിമാസം 250രൂപ വീതം നൽകണം. കാറുകൾക്ക് 500 രൂപയും.എന്നാൽ വിമാനത്താവള നടത്തിപ്പ് അധികൃതരുടെ കീഴിൽ വരുന്ന സ്വകാര്യ എജൻസികളുടെ ജീവനക്കാർക്ക് പാർക്കിംഗ് സൗജന്യമാണ്. അദാനി വിമാനത്താവളം എറ്റെടുത്തതോടെ വിമാനത്താവളത്തിലെ പാർക്കിംഗ് ഫീയുടെ കരാർ എം.എസ്.എഫ് എന്ന കമ്പനിക്ക് കരാർ നൽകി.
വിശ്രമം പാർക്കിംഗ് ഏരിയായിൽ
വിശ്രമസമയം കാർപാർക്കിംഗ് ഏരിയായിലെ നിരത്തുകളിൽ എത്തിയാണ് ജീവനക്കാർ വിശ്രമിക്കുന്നത്.
ഇവർക്ക് വിശ്രമത്തിന് ചെറിയ ഒരു മുറി പോലും അനുവദിച്ചിട്ടില്ല.