യു.ഡി.എഫുമായി അടുക്കാൻ സി.കെ.ജാനു
തിരുവനന്തപുരം: യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് ആദിവാസി നേതാവ് സി.കെ. ജാനു കത്തു നൽകിയതായി സൂചന. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി കഴിഞ്ഞ ആഗസ്റ്രിൽ എൻ.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.
ജാനുവിനെ യു.ഡി.എഫുമായി സഹകരിപ്പിക്കുന്നതിൽ യു.ഡി.എഫിലെ പല മുതിർന്ന നേതാക്കൾക്കും യോജിപ്പില്ലെന്നും അറിയുന്നു. യു.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യപ്പെട്ടുള്ള ജാനുവിന്റെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി അറിയിച്ചത്.തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സഹകരണ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന അഭിപ്രായമാണ് ജാനു പ്രകടിപ്പിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ഉപാധികളൊന്നും വച്ചിട്ടില്ലെന്നും അറിയുന്നു.
2016ലാണ് ജാനുവിന്റെ പാർട്ടി എൻ.ഡി.എ ഘടകക്ഷിയായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി മണ്ഡലത്തിൽ ജാനു സ്ഥാനാർത്ഥിയുമായിരുന്നു. 2018-ൽ പാർട്ടി എൻ.ഡി.എ വിട്ടെങ്കിലും 2021-ൽ വീണ്ടും സഹകരണമായി. മുന്നണിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന കാരണത്താലാണ് ആഗസ്റ്റിൽ വീണ്ടും ബന്ധം അവസാനിപ്പിച്ചത്.