രക്ഷാപ്രവർത്തനത്തിനിടെ ജീവൻപൊലിഞ്ഞ സോണിക്ക് ജന്മനാടിന്റെ കണ്ണീർപ്രണാമം
ആറ്റിങ്ങൽ: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സോണി എസ്.കുമാറിന് (36) നാടിന്റെ യാത്രാമൊഴി. പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത മരണത്തിൽ ഇളമ്പ ഗ്രാമവാസികൾ വിതുമ്പി. 80 അടി താഴ്‌ചയുള്ള കിണറിന്റെ കൈവരി തകർന്നുവീണ് ഇന്നലെ പുലർച്ചെയാണ് സോണി മരിച്ചത്.
സോണിക്ക് ജനങ്ങളുമായുള്ള അടുപ്പത്തിന് തെളിവായിരുന്നു ഇളമ്പയിലെ പൊതുദർശനത്തിനും സംസ്‌കാരച്ചടങ്ങിലും പങ്കെടുത്ത ജനാവലി. പോസ്റ്റുമോർട്ടത്തിനും കൊട്ടാരക്കര ഫയർസ്റ്റേഷനിലെ പൊതുദർശനത്തിനും ശേഷം ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് മൃതദേഹം ഇളമ്പയിലെത്തിച്ചത്. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളുമടക്കം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം നാട്ടിലെത്തിച്ചു. ഇളമ്പ ഗവ.എച്ച്.എസ്.എസിൽ പൊതുദർശനത്തിന് വച്ചപ്പോൾ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
വി.ശശി എം.എൽ.എ,ഒ.എസ്.അംബിക എം.എൽ.എ,തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ,ഫയർഫോഴ്സ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം സംസ്‌കരിച്ചു. ഇളമ്പ ഹൈസ്‌കൂളിന് സമീപം ഹൃദ്യയിൽ ശ്രീകുമാർ-ലളിത ദമ്പതികളുടെ മൂത്തമകനാണ്. 2016 ജനുവരിയിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. ആദ്യ നിയമനം എറണാകുളം ഏലൂരിലായിരുന്നു. ഇപ്പോൾ കൊട്ടാരക്കരയിലായിരുന്നു. സോണിയുടെ ഭാര്യ ആശ്വതി നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അദ്ധ്യാപികയാണ്. മകൾ ഹൃദ്യ (2).
സഹോദരി സിമി ഇന്നലെ വൈകിട്ട് യു.കെയിൽ പോകാനിരിക്കെയാണ് സോണിയുടെ മരണം. ശാന്തസ്വഭാവക്കാരനായ സോണി നാട്ടുകാരുടെയും പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്നു. ഇളമ്പയിലെ ഗ്രന്ഥശാലയിലെ പി.എസ്.സി പഠനകൂട്ടായ്‌മയുടെ എക്‌സിക്യൂട്ടിവ് അംഗമായിരുന്ന സോണി നാട്ടിലെ യുവാക്കളെ സർക്കാർ ജോലി എന്ന ലക്ഷ്യത്തിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു. മൂന്നുവർഷം മുമ്പാണ് പുതിയ വീടുവച്ചത്.