യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം; 11 പേർക്ക് പരിക്ക്
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകരുമായി പിടിവലിയായതോടെ പൊലീസ് ലാത്തിവീശി. പ്രവർത്തകർ പൊലീസിനുനേരെ കല്ലും കമ്പുമെറിഞ്ഞു. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം 11 പേർക്ക് പരിക്കേറ്റു.
പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ നിന്നാരംഭിച്ച മാർച്ച് 12.42ഓടെയാണ് സെക്രട്ടേറിയറ്ര് ഗേറ്റിന് മുൻപിൽ എത്തിയത്. തുടർന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ധർണ ഉദ്ഘാടനം ചെയ്തു. ഇതിനുപിന്നാലെ പ്രവർത്തകർ ബാരിക്കേഡിന് മുകളിലേക്ക് കയറുകയും ബാരിക്കേഡ് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘർഷമുണ്ടായത്.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ആറുതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പൊലീസിന്റെ കൈയിലിരുന്ന ലാത്തി പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും വനിതാ പൊലീസിനുനേരെ ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു.തുടർന്ന് പൊലീസ് ലാത്തിവീശി.
ഇതോടെ കമ്പുകൾകൊണ്ട് പ്രവർത്തകർ പൊലീസിനെയും ആക്രമിച്ചു. കല്ലേറും ചെരുപ്പേറുമുണ്ടായി. കമ്പുകൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്കിന് പരിക്കേറ്റു. ജലപീരങ്ക് പ്രയോഗത്തിലും ലാത്തിച്ചാർജിലും പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലും ആറ്റുകാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒടുവിൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കിയതോടെയാണ് രണ്ട് മണിക്കൂറോളം നീണ്ട സംഘർഷത്തിന് അയവുവന്നത്.
ദേവസ്വം മന്ത്രി രാജിവയ്ക്കണം: രാജീവ് ചന്ദ്രശേഖർ
അമ്പലക്കൊള്ളയിൽ അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. വേറെ സമുദായത്തിലാണ് ഈ പ്രശ്നമുണ്ടായതെങ്കിൽ പിണറായി പോയി മാപ്പ് പറയുമായിരുന്നു. സ്വർണക്കൊള്ള ദേവസ്വത്തിന്റെ വീഴ്ചയല്ല കൊള്ളയാണ്,തട്ടിപ്പാണ്. നാലരക്കിലോ സ്വർണം മോഷ്ടിച്ചവരെ കണ്ടുപിടിച്ച് ജയിലിലടയ്ക്കണം. ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ബി.ജെ.പി തയ്യാറല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി.മനുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, ബി.ജെ.പി നേതാക്കളായ അനൂപ് ആന്റണി, അഡ്വ.എസ്.സുരേഷ്, പി.കെ.കൃഷ്ണദാസ്, കെ.സോമൻ, കരമന ജയൻ, ഒ.നിധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.