ദുഃസ്വപ്നം അവസാനിച്ചു: ട്രംപ്
ടെൽ അവീവ്: നീണ്ടതും വേദനാജനകവുമായ ദുഃസ്വപ്നം ഒടുവിൽ അവസാനിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ ഇസ്രയേലി പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ജീവനോടെയുള്ള 20 ബന്ദികളെ ഹമാസ് ഇസ്രയേലിന് കൈമാറിയതിന് പിന്നാലെയാണ് യുദ്ധം അവസാനിച്ചെന്നും മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ അദ്ധ്യായം തുടങ്ങിയെന്നും ട്രംപ് വ്യക്തമാക്കിയത്. ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിനിടെ ഇസ്രയേലുമായുള്ള ബന്ധത്തെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രകീർത്തിച്ച ട്രംപ്, ഇസ്രയേൽ വിജയം കൈവരിച്ചെന്നും പറഞ്ഞു. ഇനി സമാധാനത്തിന്റെ നാളുകളാണെന്ന് പറഞ്ഞ ട്രംപ്, ഹമാസിനെ നിരായുധീകരിക്കുമെന്നും ആവർത്തിച്ചു. നെതന്യാഹുവിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ മാപ്പ് നൽകണമെന്ന് ട്രംപ് ഇസ്രയേലി പ്രസിഡന്റ് ഐസക് ഹെർസോഗിനോട് ആവശ്യപ്പെട്ടു. അതിനിടെ, ഗാസയിലേത് അടക്കം എട്ടു യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്ന് ആവർത്തിക്കാനും ട്രംപ് മറന്നില്ല. 'യുദ്ധം അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യം. ശക്തിയിലൂടെ സമാധാനം കൈവരിക്കാൻ താൻ ആഗ്രഹിക്കുന്നു"- ട്രംപ് കൂട്ടിച്ചേർത്തു.
# ലോകനേതാക്കളെ കണ്ട് ട്രംപ്
ഇസ്രയേൽ സന്ദർശനത്തിന് പിന്നാലെ ഈജിപ്റ്റിലെത്തിയ ട്രംപ് സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗാസയുടെ ഭരണകൈമാറ്റം അടക്കമുള്ള ഭാവി നടപടികൾക്ക് മേൽനോട്ടം വഹിക്കാനുള്ള സമാധാന ബോർഡിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയേയും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തുടങ്ങി 20ലേറെ ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു.
# സമാധാനത്തിലേക്ക്....
2023 ഒക്ടോബർ 07 - ഇസ്രയേലിൽ ഹമാസ് ആക്രമണം. 1,195 ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഗാസ യുദ്ധത്തിന് തുടക്കം
ഒക്ടോബർ 27 - ഗാസയിൽ ഇസ്രയേലിന്റെ കരയുദ്ധം
നവംബർ 24 - ഒരാഴ്‌ച വെടിനിറുത്തൽ
2024 ജൂലായ് 31- ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ വധിച്ചു. യഹ്യാ സിൻവാർ പുതിയ മേധാവി
ഒക്ടോബർ 16 - യഹ്യാ സിൻവാറിനെ വധിച്ചു
നവംബർ 21- ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്
2025 ജനുവരി 19 - രണ്ടാം വെടിനിറുത്തൽ. 18 മാർച്ച് വരെ
സെപ്തംബർ 29- സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ച് ട്രംപ്
ഒക്ടോബർ 10 - ട്രംപിന്റെ പദ്ധതിയുടെ ഒന്നാം ഘട്ടം നിലവിൽ വന്നു. ഗാസയിൽ വെടിനിറുത്തൽ. ഇസ്രയേൽ നിശ്ചിത പ്രദേശങ്ങളിൽ നിന്ന് പിന്മാറി
ഒക്ടോബർ 13 - ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും (20 പേർ) ഹമാസ് മോചിപ്പിച്ചു. 1,968 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഈജിപ്റ്റിൽ ട്രംപിന്റെ നേതൃത്വത്തിൽ സമാധാന ഉച്ചകോടി # ഗാസയിൽ ഇതുവരെ മരണം - 67,806