തോക്കിൻ മുനയിൽ നിന്ന് ജീവിതത്തിലേക്ക് ഇരട്ടകൾ

Tuesday 14 October 2025 7:19 AM IST

ടെൽ അവീവ്: ഏതാനും മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ ജനിച്ചവർ. സ്വഭാവവും താത്പര്യങ്ങളും വ്യത്യസ്തമാണെങ്കിലും ജീവിതത്തിൽ പിരിഞ്ഞിരുന്നിട്ടില്ല ജർമ്മൻ-ഇസ്രയേലി ഇരട്ട സഹോദരൻമാരായ സിവ് ബെർമാനും ഗാലി ബെർമാനും (28)​. എന്നാൽ 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണം സിവിന്റെയും ഗാലിയുടെയും ജീവിതം മാറ്റിമറിച്ചു.

ഇവർ താമസിച്ചിരുന്ന ക്ഫർ അസാ മേഖലയിലേക്ക് ഹമാസ് അംഗങ്ങൾ ഇരച്ചുകയറി. പരിചയക്കാരായ 11 പേർ കൺമുന്നിൽ വെടിയേറ്റ് മരിച്ചു. സിവിയും ഗാലിയും അടക്കം 7 പേരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി. രണ്ടിടങ്ങളിലായാണ് ഇരുവരെയും ഹമാസ് പാർപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി വരെ ഇരുവരും ജീവനോടെയുണ്ടോ എന്ന് പോലും കുടുംബത്തിന് അറിവുണ്ടായിരുന്നില്ല.

ലൈറ്റിംഗ് ടെക്‌നീഷ്യൻമാരായ ഇരുവർക്കും പരിക്കേറ്റെന്നും കൊല്ലപ്പെട്ടിട്ടില്ലെന്നും വിവരം ലഭിച്ചതോടെ കുടുംബാംഗങ്ങൾക്ക് ആശ്വാസമായി. പാർക്കിൻസൺസ് രോഗബാധിതനായ പിതാവിനെ ചികിത്സിച്ചിരുന്നത് ഇരുവരുടെയും വരുമാനത്തിലാണ്.

ഇന്നലെ വടക്കൻ ഗാസയിൽ വച്ച് ഹമാസ് റെഡ് ക്രോസിന് കൈമാറിയ 7 പേരടങ്ങുന്ന ആദ്യ ബാച്ച് ബന്ദികളുടെ കൂട്ടത്തിൽ ഇരുവരുമുണ്ടായിരുന്നു. ഇരുവരെയും വൈദ്യ പരിശോധനകൾക്കായി ഇസ്രയേലിലെ ടെൽ ഹഷോമറിലെ ഷേബ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും ജീവനോടെ തിരികെ ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുകയാണ് കുടുംബം.