ആരും സംശയിക്കാത്ത വെറൈറ്റി തട്ടിപ്പ്! എടിഎം മെഷീനിൽ പശ തേയ്‌ക്കും, പിന്നാലെ ക്രിമിനൽ സംഘത്തിന് കിട്ടുന്നത് ലക്ഷങ്ങൾ

Tuesday 14 October 2025 10:07 AM IST

ന്യൂഡൽഹി: എടിഎം മെഷീനിൽ പശ തേച്ച് കാർഡുകൾ കുടുക്കി തട്ടിപ്പ് നടത്തുന്ന രണ്ടുപേർ പിടിയിൽ. തെക്കൻ ഡൽഹിയിലെ നെബ്‌സരായ് സ്വദേശികളായ റൗഷൻ കുമാർ (23), പിന്റു കുമാർ (32) എന്നിവരാണ് പിടിയിലായത്. ഡൽഹിയിലുടനീളമുള്ള വിവിധ എടിഎമ്മുകളിൽ അൻപതിലധികം തട്ടിപ്പുകൾ ഇവർ നടത്തി.

പ്രതികൾ എടിഎമ്മിന്റെ കാർഡ് സ്ലോട്ടിൽ പശ പുരട്ടും. സമീപത്ത് വ്യാജ കസ്റ്റമർ കെയർ നമ്പരും ഒട്ടിക്കും. എടിഎമ്മിൽ പണം പിൻവലിക്കാൻ വരുന്നവർ കാർഡിടുന്നതോടെ അത് പശയിൽ ഒട്ടി കുടുങ്ങിപ്പോകുന്നതാണ് പതിവ്. സഹായത്തിനായി ഇവർ സമീപത്ത് പ്രദർശിപ്പിച്ചിരിക്കുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കുന്നതോടെ ബാങ്കിന്റെ പ്രതിനിധി എന്ന വ്യാജേന റൗഷനും പിന്റുവും സ്ഥലത്തെത്തും. തുടർന്ന് ഇരകളിൽ നിന്നും എടിഎം പിൻ കൈക്കലാക്കിയ ശേഷം കാർഡ് തിരികെ നൽകാമെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കും. ശേഷം അവരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കും. ഒന്നോ രണ്ടോ മോഷണങ്ങൾ നടത്തിയ ശേഷം പ്രതികൾ സ്ഥലംവിടുന്നതിനാൽ മാസങ്ങളോളം ഇവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

സെപ്‌തംബർ 27ന് പശ്ചിം വിഹാർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 35,000 രൂപ നഷ്‌ടപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. സമീപപ്രദേശങ്ങളിലും സമാനമായ ഒമ്പത് സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എടിഎമ്മുകൾക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ആഴ്‌ചകൾ നീണ്ട നിരീക്ഷണത്തിന് ശേഷമായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്‌തത്. മോഷ്‌ടിച്ച മൂന്ന് എടിഎം കാർഡുകൾ ഇവരിൽ നിന്നും പൊലീസിന് ലഭിച്ചു.