ആണുങ്ങളുടെ ജയിലിൽ നിന്ന് തക്കാളി വാങ്ങാൻ വനിതാ ജയിൽ ജീവനക്കാരൻ കൂട്ടുവിളിച്ചത് തടവുകാരിയെ, പിന്നെ നടന്നത്

Tuesday 14 October 2025 11:45 AM IST

ലണ്ടൻ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ജയിലുകളിൽ ഒന്നായ ബ്രിട്ടീഷ് ജയിലിൽ നടന്ന ഒരു സംഭവം കേട്ടാൽ ആരും മൂക്കത്ത് വിരൽ വയ്ക്കും. കാന്റീനിലേക്ക് ആവശ്യമായ തക്കാളി വാങ്ങാൻ പുറത്തേക്ക് പോയ ജയിൽ ജീവനക്കാരൻ ചെയ്തത് മറ്റൊന്നുമല്ല. ഒരു തടവുകാരിയെയും കൂടെ കൂട്ടി. സുറെയിലെ എച്ച്എംപി ഡൗൺവ്യൂ എന്ന വനിതാ ജയിലിലാണ് ഒക്ടോബർ നാലിന് അതീവ ഗൗരവമുള്ള സംഭവം നടന്നത്.

അടുക്കള ജീവനക്കാരനാണ് കഥാനായകൻ. ഇതേ കോമ്പൗണ്ടിന് അടുത്തുള്ള പുരുഷ ജയിലായ എച്ച്എംപി ഹൈഡൗണിൽ നിന്നാണ് ഇയാൾക്ക് തക്കാളി ശേഖരിക്കേണ്ടിയിരുന്നത്. സാധനങ്ങൾ എടുക്കാൻ ഒരാൾ സഹായത്തിന് വേണമെന്ന് തോന്നിയപ്പോൾ പുറത്ത് നിന്ന് ആരെയും വിളിക്കാതെ ഇയാൾ തന്നെ അടുക്കള ജോലിയിൽ സഹായിക്കുന്ന തടവുകാരിയെ ഒപ്പം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു.

തടവുകാരിയുമായി ഈ ജീവനക്കാരൻ ജയിലിന്റെ പ്രധാന ഗേറ്റിലൂടെയാണ് പുറത്തേക്ക് നടന്നുപോയത്. ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ കണ്ണുചിമ്മാതെ ഇത് നോക്കി നിന്നു.

പുറത്ത് ഡ്യൂട്ടിക്കായി എത്തിയ മറ്റ് ഓഫീസർമാർ ജയിൽ വസ്ത്രം ധരിച്ച തടവുകാരിയെ പുറത്ത് കണ്ട് ഞെട്ടിയതോടെയാണ് അധികൃതർ സംഭവം അറിഞ്ഞത്. മിനിട്ടുകൾക്കകം തടവുകാരിയെ തിരികെ ജയിലിനുള്ളിലേക്ക് എത്തിച്ചു.

പത്ത് മിനിട്ടിൽ താഴെ മാത്രം നീണ്ടുനിന്ന ഈ സുരക്ഷാ വീഴ്ച തങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ വിധേയമായി രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പ്രിസൺ സർവീസ് വക്താവ് അറിയിച്ചു.

എന്നാൽ ഇതിലും വലിയ കൗതുകം ഡൗൺവ്യൂ ജയിലിന്റെ ഗേറ്റിൽ സുരക്ഷാ പരിശോധന തീരെയില്ല എന്ന് നേരത്തെ ഇൻഡിപെൻഡന്റ് മോണിറ്ററിംഗ് ബോർഡ് (ഐഎംബി) റിപ്പോർട്ട് നൽകിയിരുന്നു എന്നുള്ളതാണ്. ഏഴ് വർഷമായി ഇവിടെ സേവനമനുഷ്ഠിക്കുന്ന ബോർഡ് അംഗങ്ങളെപ്പോലും ഇതുവരെ പരിശോധിച്ചിട്ടില്ല. തക്കാളി വാങ്ങാൻ പുറത്തുപോയ സംഭവത്തോടെ ജയിലിന്റെ സുരക്ഷാ വീഴ്ച വീണ്ടും ചർച്ചയായിരിക്കുകയാണ്.