'കേരളത്തിൽ നിന്നുകൊണ്ട് രാജ്യം മുഴുവൻ പ്രവർത്തിക്കാമല്ലോ'; അബിൻ വർക്കിക്ക് മറുപടിയുമായി സണ്ണി ജോസഫ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച അബിൻ വർക്കിക്ക് മറുപടിയുമായി കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. കേരളത്തിൽ നിന്നുകൊണ്ട് രാജ്യം മുഴുവൻ പ്രവർത്തിക്കാമല്ലോ എന്ന് സണ്ണി ജോസഫ് പറഞ്ഞു. കെസി വേണുഗോപാൽ കേരളത്തിലും കേന്ദ്രത്തിലും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃത്താലയിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായി തുടരാനാണ് ആഗ്രഹമെന്നും സംസ്ഥാന തലത്തിൽ തുടരാൻ അനുവദിക്കണമെന്നും അബിൻ വർക്കി അതൃപ്തി പരസ്യമാക്കി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് പറയില്ല. പാർട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും അബിൻ വർക്കി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'മതേതരത്വം മുറുകെ പിടിക്കുന്നവരാണ് എല്ലാവരും. ക്രിസ്ത്യാനി ആയത് പ്രശ്നം ആണോ എന്ന് അറിയില്ല. പാർട്ടി അങ്ങനെ കാണുന്നുണ്ടോ എന്നറിയില്ല. യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്തിരിക്കുകയാണ്. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായിട്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട് കെ എസ് യു യൂണിറ്റ് പ്രസിഡന്റായി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് വരെയായി. ഇതൊക്കെ ആകുമ്പോൾ ഏറ്റവും കടപ്പാട് രാഹുൽ ഗാന്ധിയോടാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഞാനടക്കമുള്ളവർ കടന്നുവന്നത്'- അബിൻ വർക്കി പറഞ്ഞു.