ഒരു മുടിപോലും നരയ്ക്കില്ല; നെല്ലിക്കയിലുണ്ട് പരിഹാരം, ദിവസവും ഇങ്ങനെ ചെയ്തുനോക്കൂ
ഈ കാലഘട്ടത്തിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒന്നാണ്. അകാല നര, മുടി കൊഴിച്ചിൽ, താരൻ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഇവ പരിഹരിക്കാൻ എണ്ണ, ഹെയർ മാസ്ക്ക് എന്നിവയാണ് ആളുകൾ ഉപയോഗിക്കുന്നത്. എന്നാൽ പുറത്ത് നിന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് ഉള്ളിൽ നിന്ന് കൂടെ ഗുണങ്ങൾ ആവശ്യമാണ്. അതിന് നെല്ലിക്ക വളരെ നല്ലതാണ്.
വിറ്റാമിൻ സിയുടെ പ്രധാന സ്രോതസ്സാണ് നെല്ലിക്ക. അത് കൊളാജന്റെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്. തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യകരമായ തലയോട്ടിക്കും മുടിയുടെ ഘടനയ്ക്കും കൊളാജൻ സുപ്രധാന പങ്ക് വഹിക്കുന്നു. നിരവധി ആന്റിഓക്സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് മുടികൊഴിച്ചിൽ തടഞ്ഞ് കരുത്തുറ്റ തലമുടി വളരാൻ സഹായിക്കുന്നു. നെല്ലിക്കയുടെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ സവിശേഷത തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നു. ഇത് താരൻ തടയും. എന്നാൽ നെല്ലിക്ക കഴിക്കാൻ പലർക്കും മടിയാണ്. അപ്പോൾ ഒരു നെല്ലിക്ക ജ്യൂസ് പരിചയപ്പെട്ടാലോ? മുടിയുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്.
ആവശ്യമായ സാധനങ്ങൾ
- നെല്ലിക്ക - രണ്ട്
- ഇഞ്ചി - ചെറിയ കഷ്ണം
- തേൻ - ഒരു ടീസ്പൂൺ
- കുരുമുളക് - അര ടീസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)
- വെള്ളം - 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം നെല്ലിക്ക കഴുകി അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും കുരുമുളക് പൊടിയും ചേർത്ത് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് വെള്ളം കൂടി ചേർത്ത് അരയ്ക്കണം. ഇനി ഈ ജ്യൂസ് അരിച്ചെടുക്കാം. കയ്‌പ് തോന്നിയാൽ ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് ഇളക്കി കുടിക്കാം. ദിവസവും രാവിലെ വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നതാണ് നല്ലത്.