പാകിസ്ഥാനെതിരെയുള്ള ബ്രഹ്മാസ്ത്രമോ? വീണ്ടും മിസെെൽ പരീക്ഷണവുമായി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ വീണ്ടും മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ത്യ നോട്ടാം ( notice to airmen - NOTAM) പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് പ്രകാരം ഒക്‌ടോബർ 15നും 17നും ഇടയിൽ ഇന്ത്യ മിസെെൽ പരീക്ഷിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്. 3,550 കിലോമീറ്റർ വരെ അപകടമേഖലയായി വ്യോമസേന അറിയിച്ചുണ്ട്. ഇതോടെയാണ് മിസൈൽ പരീക്ഷണം എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
ഇതിന് മുൻപ് പുറത്തിറക്കിയ നോട്ടാം മുന്നറിയിപ്പ് മൂന്നുതവണ പരിഷ്കരിച്ചതും വലിയരീതിയിൽ വാർത്തയായിരുന്നു. ഒക്ടോബർ ആറിന് ആദ്യമിറക്കിയ മുന്നറിയിപ്പിൽ അപകടമേഖലയായി നിശ്ചയിച്ചിരുന്നത് 1,480 കിലോമീറ്റർ ആയിരുന്നു. തൊട്ടടുത്ത ദിവസം ഈ മുന്നറിയിപ്പ് പുതുക്കി. അതിലെ ദൂരപരിധി 2,520 കിലോമീറ്ററായിരുന്നു. പിന്നാലെ വീണ്ടും പുതുക്കി 3,550 കിലോമീറ്ററാക്കി വർദ്ധിപ്പിച്ചു. ഇന്ത്യ പരീക്ഷിക്കാൻ പോകുന്നത് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെെൽ ആകാമെന്നാണ് വിദഗ്ധർ പറയുന്നത്.
എന്നാൽ ഏതുതരം മിസെെലാണ് പരീക്ഷിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം ഇതുവരെ പുറത്ത് അറിയിച്ചിട്ടില്ല. നിലവിൽ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസെെൽ 'അഗ്നി' 5 ആണ്. 5000 കിലോമീറ്ററാണ് ഇതിന്റെ പ്രഹരപരിധി. നോട്ടാം മുന്നറിയിപ്പ് പ്രകാരം ഇന്ത്യ 'അഗ്നി 5'ന്റെ വേരിയന്റോ അല്ലെങ്കിൽ 'അഗ്നി 6' മിസെെലിന്റെ പരീക്ഷണമോ ആകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഒന്നിലധികം പോർമുനകൾ വഹിക്കാൻ കഴിയുന്ന മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി ടാർഗറ്റബിൽ റീ എൻട്രി വെഹിക്കിൾ (എം ഐ ആർ വി) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മിസെെലാകും 'അഗ്നി 6' എന്നാണ് കരുതുന്നത്.
ഏഷ്യ വൻകരയ്ക്കുമപ്പുറമുള്ള പ്രദേശങ്ങൾ പ്രഹരപരിധിയിൽ നിർത്തുന്ന തന്ത്രപ്രധാനമായ മിസെെലാകും 'അഗ്നി 6' എന്നാണ് പ്രതീക്ഷ. നിലവിൽ അഗ്നി മിസെെൽ പരമ്പരയിൽ ഇന്ത്യ നടത്തിയ അവസാന രണ്ട് പരീക്ഷണങ്ങളും വിജയകരമായിരുന്നു. സെപ്തംബർ 25ന് ഭാരം കുറഞ്ഞ 2000 കിലോമീറ്റർ പ്രഹരപരിധിയുള്ള അഗ്നി പ്രെെം എന്ന മിസെെൽ പരീക്ഷിച്ചിരുന്നു.