കാമുകിക്കൊപ്പം ഷോപ്പിംഗിന് കറങ്ങി ഭർത്താവ്, ഇരുവരെയും കൈയോടെ പിടികൂടിയ ഭാര്യ ചെയ്തത്

Tuesday 14 October 2025 4:06 PM IST

ഇൻഡോർ: കാമുകിയോടൊപ്പം കണ്ട ഭർത്താവിനെ വഴിയിൽ തടഞ്ഞു നിർത്തി ഭാര്യ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ആഘോഷമായ കർവാചൗത്ത് പ്രമാണിച്ച് ഇയാൾ കാമുകിയുമായി സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് ഭാര്യ കണ്ടത്.

ഇരുവരും ഷോപ്പിംഗ് നടത്തുന്നത് കണ്ട യുവതി നടുറോഡിൽ പരസ്യമായി തടഞ്ഞുനിർത്തുകയായിരുന്നു. ശാന്തമായി ആരംഭിച്ച ആഘോഷ ഒരുക്കങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വഴക്കിലും കയ്യാങ്കളിയിലും കലാശിച്ചത്. അർബൻ അഡ്മിനിസ്‌ട്രേഷൻ വകുപ്പിലെ ജീവനക്കാരനായ സന്ദീപ് ഷാമിയാണ് വഴക്കിട്ട യുവതിയുടെ ഭർത്താവെന്നാണ് വിവരം.

വഴക്ക് രൂക്ഷമായതോടെ ആളുകൾ കൂട്ടംകൂടി. പലരും സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭാര്യ ഭർത്താവിനെയും കാമുകിയെയും പിടിച്ചുനിർത്തി ദേഷ്യത്തിൽ അലറുന്നതും വീഡിയോയിൽ കാണാം. ഭർത്താവ് കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഭാര്യ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഞാൻ നിങ്ങളുടെ കൊച്ചുങ്ങളുടെ അമ്മയാണെന്ന് ഭാര്യ ഉച്ചത്തിൽ വിളിച്ചുപറയുന്നതും വീഡിയോയിൽ കേൾക്കാം.

ആള് കൂടിയപ്പോൾ കാമുകി യുവാവിന്റെ പിന്നിലായി അസ്വസ്ഥതയോടെ നിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ മദ്ധ്യവയസ്ക്കൻ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഘർഷം വർദ്ധിക്കുന്നതിനിടെ കാമുകിയുടെ ദേഹത്ത് നിന്ന് വിടാൻ ഭർത്താവ് ഭാര്യയോട് പറയുന്നതും വീഡിയോയുടെ അവസാന ഭാഗത്തുണ്ട്. ഏകദേശം അര മണിക്കൂറോളമാണ് വഴക്ക് നീണ്ടുനിന്നത്.