ഡോക്‌ടർ കമ്മീഷനായി വാങ്ങിയത് വൻതുക; ചുമ മരുന്ന് കേസിൽ ജാമ്യം നിഷേധിച്ച് കോടതി
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ 15 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നിന്റെ കുറിപ്പെഴുതിയ ഡോ. പ്രവീൺ സോണിക്ക് വൻതുക കമ്മീഷനായി ലഭിച്ചെന്ന് പൊലീസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് പത്ത് ശതമാനം കമ്മീഷനാണ് ഡോക്‌ടർക്ക് ലഭിച്ചത്. തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രേസൻ ഫാർമസ്യൂട്ടിക്കൽസാണ് ചുമ മരുന്ന് നിർമിച്ചിരുന്നത്. ഡോ. പ്രവീൺ സോണി ചികിത്സിച്ച 15 കുട്ടികളാണ് വൃക്ക തകരാറിന് കാരണമാകുന്ന രാസവസ്‌തു അടങ്ങിയ മരുന്ന് കഴിച്ച് മരിച്ചത്.
ഡോക്‌ടറുടെ ബന്ധുക്കൾക്ക് മെഡിക്കൽ സ്റ്റോർ ഉണ്ടെന്നും അവിടെ കുട്ടികളുടെ മരണത്തിന് കാരണമായ ചുമ മരുന്ന് സൂക്ഷിച്ചിരുന്നതായും പൊലീസ് കോടതിയിൽ പറഞ്ഞു. സംഭവത്തിൽ ഡോക്‌ടറെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മരുന്ന് നിർമാതാവായ ജി രംഗനാഥനെയും പൊലീസ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്‌ത് മദ്ധ്യപ്രദേശിൽ എത്തിച്ചിട്ടുണ്ട്.
ഡോ. പ്രവീൺ സോണി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പൊലീസ് കമ്മീഷൻ വിവരങ്ങൾ കോടതിയെ അറിയിച്ചത്. സർക്കാർ മുന്നറിയിപ്പുകൾ പുറത്തുവന്ന ശേഷവും ഡോക്‌ടർ വിവാദ മരുന്ന് കുറിച്ചെന്ന് നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ നിരസിച്ചു. 2023 ഡിസംബറിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് പുറത്തിറക്കിയ മുന്നറിയിപ്പ് ഡോക്‌ടർ പാലിച്ചില്ലെന്നാണ് കണ്ടെത്തിയത്. തുടർന്ന് അശ്രദ്ധ, സുരക്ഷാ മാർഗനിർദേശങ്ങളുടെ ലംഘനം എന്നിവയും ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളായി കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ചെന്നൈയിലെ വിവാദ മരുന്ന് നിർമാണ കമ്പനി തമിഴ്‌നാട് സർക്കാർ അടച്ചുപൂട്ടിയിരുന്നു. സംഭവത്തിൽ ഇഡി അടക്കം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.