ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് കെഫോൺ
ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഇവന്റായ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2025 ലെ സ്റ്റേറ്റ് ഐ ടി മിനിസ്റ്റേഴ്സ് & ഐ ടി സെക്രട്ടറീസ് റൗണ്ട് ടേബിൾ സമ്മേളന വേദിയിൽ കേരളത്തെ പ്രതിനിധീകരിച്ച് കെഫോൺ.
കെഫോണിനെ പ്രതിനിധീകരിച്ച് ചീഫ് ടെക്നോളജി ഓഫീസർ (സി.ടി.ഒ) മുരളി കിഷോർ ആർ. എസ്, മാനേജർ സൂരജ്. എ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെഫോൺ കരസ്ഥമാക്കിയ നേട്ടങ്ങൾ, കെഫോണിന്റെ സമഗ്രമായ പ്രവർത്തനങ്ങൾ തുടങ്ങിയവയെപ്പറ്റി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വിശദീകരിച്ചു. ചുരുങ്ങിയ കാലയളവിൽ തന്നെ 1.25 ലക്ഷത്തിലധികം ഉപഭോക്താക്കളെന്ന നേട്ടം കൈവരിക്കുവാൻ കെഫോണിന് കഴിഞ്ഞെന്നും, കൂടുതൽ മികച്ച രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുവാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഭാഗത്ത് നിന്നാവശ്യമായ സഹായ സഹകരണങ്ങളുടെ ആവശ്യകതയെപ്പറ്റിയും ഇരുവരും പരാമർശിച്ചു.
ഒക്ടോബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പരിപാടി ഒക്ടോബർ 11 ന് സമാപിച്ചു. ഡിജിറ്റൽ പരിവർത്തനവും സാമൂഹിക പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രി ഡോ. ചന്ദ്ര ശേഖർ പെമ്മസാനി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെക്രട്ടറി നീരജ് മിത്തൽ തുടങ്ങിയവർ പങ്കെടുത്തു.