അദ്ധ്യാപക നിയമനം അംഗീകരിക്കണം

Wednesday 15 October 2025 3:05 AM IST

ഒരു നിയമ പ്രശ്നത്തിൽ പരാതിക്കാരെല്ലാം കോടതിയെ സമീപിക്കണമെന്നില്ല. എന്നാൽ ആ പ്രശ്നത്തിൽ ഉണ്ടാകുന്ന വിധി കോടതിയെ സമീപിക്കാത്തവർക്കു പോലും പൊതുവെ ഗുണകരമായി ഭവിക്കാറുണ്ട്. ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ് പെൻഷൻ നൽകണമെന്ന വിധി അങ്ങനെ കോടതിയെ സമീപിക്കാത്തവർക്കും ഒടുവിൽ പ്രയോജനകരമായി മാറിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എന്നാൽ ചില വിധികളിൽ ഇത് പരാതിക്കാർക്കു മാത്രമാണ് ബാധകമെന്നും മറ്റാർക്കും ഇത് അവകാശപ്പെടാനാകില്ലെന്നും കോടതി പ്രത്യേകം എടുത്തുപറയും. അത്തരം വിധികൾ മൂലമുണ്ടാകുന്ന ഗുണഫലങ്ങൾ എല്ലാവർക്കും കിട്ടണമെന്നില്ല. എൻ.എസ്.എസ് മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാനുള്ള സുപ്രീംകോടതി വിധിയിൽ,​ ഇത് മറ്റ് സ്കൂൾ മാനേജ്‌മെന്റുകൾക്ക് ബാധകമല്ലെന്ന് എടുത്തു പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് എല്ലാ എയ്ഡഡ് സ്‌‌കൂളുകൾക്കും ബാധകമാകേണ്ടതാണ് എന്ന അവരുടെ ആവശ്യം ന്യായമല്ലെന്ന് പറയാനാകില്ല.

എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന സർക്കാർ നിലപാട് വലിയ എതിർപ്പുകൾക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഒടുവിൽ അത്തരമൊരു നിലപാടിൽ നിന്ന് പിന്മാറാൻ സർക്കാർ ഒരുങ്ങുന്നത് തികച്ചും സ്വാഗതാർഹമായ കാര്യമാണ്. എൻ.എസ്.എസിന് അനുകൂലമായ വിധി മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം തീരുമാനിച്ചിരിക്കുന്നു. എയ്ഡഡ് മാനേജ്‌മെന്റ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം പൂർണമായും നടപ്പാക്കിയിട്ടില്ലെന്ന് കാട്ടി 2018 മുതലുള്ള നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നില്ല. ഒരു ജോലി സ്വപ്നസാക്ഷാത്കാരമായി കരുതുന്ന നിരവധി ചെറുപ്പക്കാരുള്ള നാടാണ് നമ്മുടേത്. എന്നാൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചിട്ടും താത്‌കാലികക്കാരായി തുടരേണ്ട അവസ്ഥയിലായിരുന്നു നിരവധി അദ്ധ്യാപകർ. ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ പുലർത്തിയ കടുംപിടിത്തമാണ് ഇതിനിടയാക്കിയത്. ഇതിൽ തിരുത്തലിന് സർക്കാർ തയ്യാറാകുന്നത് സ്ഥിരം ജോലി എന്ന നിരവധി അദ്ധ്യാപകരുടെ സ്വപ്നം പൂവണിയുന്നതിന് ഇടയാക്കും.

എൻ.എസ്.എസ് മാത്രമാണ് കോടതിയിൽ പോയത്. ആ കേസിലെ വിധി തങ്ങൾക്കു കൂടി ബാധകമാക്കണമെന്ന മറ്റ് മാനേജ്‌മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയാണ് ഇപ്പോഴത്തെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സർക്കാർ അറിയിച്ചാൽ കോടതി അത് അനുവദിക്കാതിരിക്കില്ല. ഇതൊരു ന്യായമായ കാര്യമാണ്. അത് നടപ്പാക്കുമ്പോൾ ക്രിസ്‌ത്യൻ മാനേജ്‌മെന്റുകളുടെ സമ്മർദ്ദമാണ് അതിനിടയാക്കിയതെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതും ശരിയല്ല. എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരുന്ന ഭിന്നശേഷി ഉദ്യോഗാർത്ഥികളെ സർക്കാർ നിർദ്ദേശപ്രകാരം സ്‌കൂളുകളിൽ നിയമിച്ചിട്ടുപോലും മറ്റ് മുൻ നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുന്നില്ലെന്നും മാനേജ്‌മെന്റുകൾ ചൂണ്ടിക്കാട്ടിയിരുന്നു. തുല്യനീതിക്കായുള്ള ഏതൊരു ആവശ്യവും അനുഭാവപൂർവം പരിഗണിക്കുന്ന നിലപാടുകളാണ് ജനാധിപത്യ സർക്കാരുകൾ സ്വീകരിക്കേണ്ടത്.

അർഹരായ ഉദ്യോഗാർത്ഥികളെ കിട്ടാത്തതിനാൽ ചില സ‌്‌കൂളുകൾക്ക് ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കാനായിട്ടില്ല. ആ സീറ്റുകൾ ഒഴിച്ചിടാൻ നിർദ്ദേശിച്ചുകൊണ്ട് മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാനുള്ള പ്രായോഗികമായ തീരുമാനം നേരത്തേ എടുത്തിരുന്നെങ്കിൽ ഇങ്ങനെയൊരു വിവാദം തന്നെ ഉടലെടുക്കുമായിരുന്നില്ല. സാങ്കേതികത്വത്തിന്റെ പേരിൽ ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്നത് ഉദ്യോഗസ്ഥന്മാരുടെ ജന്മസ്വഭാവത്തിന്റെ ഭാഗമാണ്. എന്നാൽ ഒരു സർക്കാർ അത്തരം നിലപാടുകൾ എടുക്കുന്നത് ഭൂഷണമല്ല. വർഷങ്ങളായി ജോലി ചെയ്യുന്നവരെ നിയമ പ്രശ്നത്തിന്റെ പേരിൽ വലയ്ക്കാതെ എത്രയും വേഗം അവരുടെ സ്ഥിരനിയമനത്തിന് സർക്കാർ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.