വിറ്റകാറിന്റെ പേര് മാറ്റിയില്ല, പെറ്റിയുടെ ഘോഷയാത്ര
വിറ്റത് 41000 രൂപയ്ക്ക് , പിഴ 9,0000
കോട്ടയം : ഏത് സമയത്താണ് തന്റെ കാർ ഈരാറ്റുപേട്ട സ്വദേശി പി.എസ്.അസീസിന് വിൽക്കാൻ തോന്നിയതെന്നോർത്ത് വിഷമിക്കുകയാണ് ചെങ്ങളംസൗത്ത് മൂന്നുമൂല ശ്രീജി നിവാസിൽ ടി.എസ്.മണി. കഴിഞ്ഞ ജനുവരിയിൽ വിറ്റ കാറിന്റെ ഉടമസ്ഥാവകാശം ഇതുവരെ മാറ്റാത്തത് മണിയെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. 41000 രൂപയ്ക്ക് വിറ്റകാറിന് ഇതുവരെ വന്നത് 9,0000 രൂപയുടെ പിഴ. സീറ്റ് ബെൽറ്റിടാതെയും, മൊബൈൽ ഫോണിൽ സംസാരിക്കുന്നതും ഉൾപ്പെടെയുളള നിയമലംഘനങ്ങൾ പതിവായി എ.ഐ ക്യാമറ ദൃശ്യങ്ങൾ ഒപ്പിയെടുക്കും. പിന്നാലെ പെറ്റി മണിയുടെ അഡ്രസിലേയ്ക്ക് എത്തും. പരാതിയുമായി പൊലീസിനെയും മോട്ടോർവാഹന വകുപ്പിനെയും സമീപിച്ചിട്ടും യാതൊരു ഗുണവുമുണ്ടായിട്ടില്ലെന്ന് മണി പറയുന്നു. കഴിഞ്ഞ ജനുവരി എട്ടിനാണ് കെ.എൽ 17ഡി 2158 എന്ന നമ്പരിലുള്ള സാൻട്രോ കാർ വിൽക്കുന്നത്. വില്പന കരാർ എഴുതി ഒരാഴ്ച കഴിഞ്ഞ് ഉടമസ്ഥാവകാശം മാറുന്നത് സംബന്ധിച്ച് തീരുമാനമാകാതെ വന്നതോടെ നേരിട്ട് സമീപിച്ചു. പക്ഷേ, നടപടിയുണ്ടായില്ല. മാർച്ചിലും ആഗസ്റ്റിലും കുമരകം പൊലീസിലും പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും വാഹനം പിടിച്ചെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് പൊലീസ് മടക്കി. ഇതിനിടെയാണ് നിയമലംഘനങ്ങളുടെ ഘോഷയാത്ര. പിഴ അടച്ചിട്ടില്ലെങ്കിലും ഈ കാർ ഉപയോഗിച്ച് ഇനിയും നിയമലംഘനങ്ങൾ നടത്തുമെന്ന പേടിയിലാണ് മണി.