മാരക ലഹരി കച്ചവടം: ഒറ്റ ദിവസം പിടിയിലായത് 150 പേർ,​ പരിശോധിച്ചത് 1853പേരെ

Tuesday 14 October 2025 7:29 PM IST

തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഒറ്റദിവസം കൊണ്ട് സംസ്ഥാനത്ത് 151 പേരെ അറസ്‌റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു. സംസ്ഥാനത്തൊട്ടാകെ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് വിൽപ്പനയുടെ ഭാഗമാണെന്ന് സംശയിച്ച 1853 പേരെയാണ് പരിശോധിച്ചത്. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 145 കേസുകൾ രജിസ്‌റ്റർ ചെയ്തു. അരക്കിലോ എംഡിഎംഎ, ആറുകിലോ കഞ്ചാവ്, 91 കഞ്ചാവ് ബീഡി എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു.

മയക്കുമരുന്ന് സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടി സ്വീകരിക്കുന്നതിനായി തിങ്കളാഴ്ച സംസ്ഥാനത്ത് വ്യാപകമായി ഓപ്പറേഷൻ ഡീ-ഹണ്ട് നടത്തി.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികളെടുക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം നിലവിലുണ്ട്. ഇതിനായി 9497927797 എന്ന നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടാണ് ഇതിനായി പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലിനും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലിനും മേൽനോട്ടം നൽകുന്നത്.