കേസുകൾ കുത്തനെ ഉയരുന്നു.... കൊണ്ടാലും പഠിക്കില്ല, തട്ടിപ്പിൽ കറങ്ങി വീണ്
കോട്ടയം : മോഹനവാഗ്ദാനങ്ങളിൽ മലയാളികളെ കറക്കിവീഴ്ത്തി തട്ടിപ്പുകാർ. നാലുവർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസുകളിലെ വർദ്ധനവ് ഇരട്ടിയായി. അതിബുദ്ധിശാലികളെന്ന് അഹങ്കരിക്കുന്നവരെ പുഷ്പം പോലെ പറ്റിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന സംഭവങ്ങൾക്ക് ഒരു അറുതിയുമില്ല. പണം ഇരട്ടിപ്പിച്ച് നൽകാം, അമിത പലിശ വാഗ്ദാനം ചെയ്യൽ, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തുടങ്ങി തട്ടിപ്പുകൾ പലവിധമാണ്. പൊലീസ് സ്റ്റേഷന് പുറത്തുള്ള സെറ്റിൽമെന്റുകളാണ് അധികവും. വിദേശത്തേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ പലരിൽ നിന്ന് വാങ്ങി മുങ്ങുന്നവർ നിരവധിയാണ്. പരാതിയും കേസുമാകുമ്പോൾ വഞ്ചനാ കേസിൽ ആദ്യം അറസ്റ്റ്. കേസ് കോടതിയിലെത്തിയാൽ സെറ്റിൽമെന്റിന്റെ ഭാഷ. സാമ്പത്തിക പ്രതിസന്ധിയിലെന്നും കൊടുത്തതിന്റെ പാതിയ്ക്ക് മുകളിൽ തരാമെന്നും പറയും. കോടതിയിൽ കേസ് നടത്തുന്ന ചെലവും സമയവും ഓർക്കുമ്പോൾ സമ്മതിക്കും. സെറ്റിൽമെന്റ് നടത്തി നഷ്ടപ്പെട്ട പണത്തിന്റെ നിശ്ചിത ശതമാനം മാത്രം വാങ്ങിയവരും ഏറെ. 20 ലക്ഷം രൂപ നഷ്ടപ്പെട്ട കഞ്ഞിക്കുഴി സ്വദേശി ആദ്യം പരാതി നൽകി. പിന്നെ അറസ്റ്റ്. റിമാൻഡ് കഴിഞ്ഞിറങ്ങിപ്പോൾ 15 ലക്ഷം രൂപ മടക്കി നൽകിയാൽ കേസ് പിൻവലിക്കുമോയെന്നായി പ്രതി. ഒടുവിൽ സമ്മതിച്ചു. രണ്ടാഴ്ചയിൽ താഴെ ജയിലിൽ കിടന്നപ്പോൾ അഞ്ചു ലക്ഷം രൂപ ചുളുവിൽ കൈയിലായി. പണം വാങ്ങി പകരം കൊടുക്കുന്ന ഗ്യാരന്റി ചെക്ക് മടങ്ങി കേസും കൂട്ടവുമായി നടക്കുന്നവരും അനവധി. സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരും ഏറെയാണ്.
നിയമത്തിലെ പഴുത് മുതലെടുത്ത്
സാമ്പത്തിക ഇടപാട് കേസിൽ പൊലീസിന് ഇടപെടുന്നതിന് പരിമിതിയുണ്ട്
വഞ്ചനാക്കേസിൽ മുൻകൂർ ജാമ്യം കിട്ടാനുള്ള സാദ്ധ്യത കൂടുതലും
ഈ പഴുത് മുതലെടുത്താണ് തട്ടിപ്പ് സംഘങ്ങൾക്ക് സജീവമാകുന്നത്
കുറച്ചുനാൾ ജയിലിൽ കിടന്നാലും ലക്ഷങ്ങൾ കൈയിലെത്തും
ശിക്ഷിക്കപ്പെടുന്നവർ തീരെകുറവ്
ശിക്ഷിക്കപ്പെടുന്നവർ തീരെകുറവാണ്. അന്വേഷണഘട്ടത്തിലോ വിചാരണഘട്ടത്തിലോ പ്രതികൾ പരാതിക്കാരുമായി ഒത്തുതീർപ്പിൽ എത്തുന്നതാണ് കാരണം. ഈ സാദ്ധ്യതയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാണ് ഒരിക്കൽ പിടിക്കപ്പെട്ടാലും ഇതേപ്രതികൾ അടുത്ത നമ്പറുമായി രംഗത്തുവരുന്നത്. വിസ തട്ടിപ്പ് ഇതിന് ഉദാഹരണം.
നാലു വർഷം 438 തട്ടിപ്പ് കേസുകൾ
''മലയാളികളുടെ അജ്ഞത മുതലെടുത്താണ് സാമ്പത്തികതട്ടിപ്പ് സംഘം വിലസുന്നത്. നിരന്തരം തട്ടിപ്പ് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിട്ടും ഇതിൽ തലവയ്ക്കുന്നവർ നിരവധിയാണ്. പരാതിനൽകാത്തതിനാൽ പുറത്തറിയാതെ പോകുന്ന സംഭവങ്ങളുമുണ്ട്.
-പൊതുപ്രവർത്തകർ