ദേവസ്വം ക്ഷേത്രങ്ങളിൽ നടക്കുന്നതെന്ത് ?
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കവർച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായതോടെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ നടക്കുന്ന ക്രമക്കേടുകളുടെയും അഴിമതിയുടെയും കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങൾ മനമുരുകി പ്രാർത്ഥിച്ച ശേഷം ഭഗവാന് കാണിക്കയായി നൽകുന്ന പണവും സ്വർണവും രത്നവുമൊക്കെ ക്ഷേത്രഭരണക്കാർ എന്ത് ചെയ്യുന്നുവെന്ന സംശയമാണിപ്പോൾ ഉയരുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ആചാരലംഘനത്തിന്റെ നാൾവഴികളിൽ നിന്ന് കേരളം മുക്തമായെന്ന് ആശ്വസിച്ചിരുന്ന വേളയിലാണ് അവിടെ നടന്ന വൻ സ്വർണക്കവർച്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ മറ്റു ചില ക്ഷേത്രങ്ങളിൽ നടന്ന സമാനമായ സംഭവങ്ങളാണിപ്പോൾ പൊന്തിവരുന്നത്.
ശാസ്താംകോട്ട
ക്ഷേത്രത്തിലെ കൊടിമരം
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ 12വർഷം മുമ്പ് സ്വർണക്കൊടിമരം നിർമ്മിച്ചതിനു പിന്നിലെ കൊടിയ അഴിമതി വീണ്ടും ചർച്ചയാകുകയാണ്. അഞ്ചരകിലോഗ്രാം സ്വർണം ഉപയോഗിച്ച് നിർമ്മിച്ച കൊടിമരം സ്വർണക്കവർച്ചാ വിവാദത്തിനിടെയാണ് ശ്രദ്ധേയമാകുന്നത്. 2013-ലാണ് ക്ഷേത്രത്തിൽ ഒന്നരക്കോടിയിലധികം രൂപ ചെലവിട്ട് സ്വർണക്കൊടിമരം നിർമ്മിച്ചത്. നാട്ടുകാർ നൽകിയ സംഭാവനയും ചേർത്ത് അഞ്ചരക്കിലോയിലധികം സ്വർണം ഉപയോഗിച്ച് നിർമ്മിച്ച കൊടിമരം മൂന്നുമാസം കഴിഞ്ഞപ്പോൾ ക്ളാവ് പിടിച്ച് കറുത്തതോടെ വിവാദമായി. നിർമ്മാണത്തിൽ അഴിമതിയാരോപണം ഉയർന്നെങ്കിലും ദേവസ്വം ബോർഡ് അത് കാര്യമാക്കിയില്ല. എന്നാൽ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി നിർദ്ദേശപ്രകാരം സ്വർണപ്പാളികൾ ഇളക്കി പരിശോധിച്ചു. സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സ്വർണത്തിൽ മെർക്കുറി കൂടിയതാണ് കറുക്കാൻ കാരണമെന്നായിരുന്നു കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിൽ കോടതി കേസ് തീർപ്പാക്കിയെങ്കിലും ഇന്നുവരെയും കൊടിമരം പുനഃസ്ഥാപിച്ചിട്ടില്ല. വിജിലൻസ് അന്വേഷണത്തിൽ സ്വർണ്ണക്കൊടിമരം കറുക്കാൻ കാരണക്കാരായവരെ കണ്ടെത്തിയില്ലെന്ന് മാത്രമല്ല, കേസിന്റെ തുടർസ്ഥിതി എന്തെന്ന് ഇപ്പോഴും അജ്ഞാതമാണ്. അന്ന് ഇളക്കിമാറ്റിയ സ്വർണ്ണപ്പാളികൾ ദേവസ്വം ബോർഡിന്റെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അവകാശപ്പെടുന്നത്. ശബരിമലയിലെ സ്വർണക്കവർച്ച വിവാദമായതോടെ കൊടിമരം എത്രയും വേഗം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ഭക്തരും രംഗത്തെത്തിയിരിക്കുകയാണ്.
കൊട്ടാരക്കരയിൽ
കരിപ്രസാദ വിവാദം
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. ശബരിമല തീർത്ഥാടന കാലത്ത് പ്രധാനപ്പെട്ട ഇടത്താവളമായ ഈ ക്ഷേത്രത്തിൽ നിത്യേന എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് നൽകുന്ന നിവേദ്യമായ ഉണ്ണിയപ്പവും കരിപ്രസാദവും പേരുകേട്ടതാണ്. ഗണപതിഹോമ കുണ്ഡത്തിൽ നിന്നെടുക്കുന്ന കരി നെയ്യിൽ ചാലിച്ച് കരിപ്രസാദമായി ഭക്തർക്ക് നൽകുന്നതെന്നാണ് വിശ്വാസം. എന്നാൽ കരിപ്രസാദം ക്ഷേത്രത്തിന് പുറത്ത് കൃത്രിമമായി നിർമ്മിച്ച് നൽകി ഭക്തരിൽ നിന്ന് പണം ഈടാക്കുന്നുവെന്ന വിവരം അറിഞ്ഞ് വൻ പ്രതിഷേധം ഉയർന്നതോടെ ക്ഷേത്രം ഭരണക്കാരുടെ കള്ളി വെളിച്ചത്താകുകയായിരുന്നു. ക്ഷേത്രത്തിന് നൂറുമീറ്റർ അകലെയുള്ള വാടകവീട്ടിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ അന്യസംസ്ഥാന തൊഴിലാളികളാണ് കരിപ്രസാദവും ചന്ദനവും തയ്യാറാക്കുന്നതെന്ന് കണ്ടെത്തിയത് ചില ഹിന്ദുസംഘടനകളാണ്. തുടർന്ന് ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവർത്തകർ വൻ പ്രതിഷേധവുമായെത്തി. സംഭവം വിവാദമായതോടെ ദേവസ്വം വിജിലൻസെത്തി കരിപ്രസാദം കൃത്രിമമായി നിർമ്മിച്ച സ്ഥലത്ത് പരിശോധന നടത്തി. ദേവസ്വം വിജിലൻസ് എസ്.ഐ. രാകേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് പരിശോധന നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേവസ്വം അസി. കമ്മിഷണറെ പ്രതിഷേധക്കാർ തടഞ്ഞുവച്ചു. കൂടുതൽ പേർ എത്തിയതോടെ സംഘർഷമായി. കരിപ്രസാദം തയ്യാറാക്കിക്കൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ മുറി പൂട്ടി രക്ഷപ്പെട്ടു. മുറി തുറന്ന് പരിശോധിച്ചപ്പോൾ കൃത്രിമ കരിപ്രസാദവും ചന്ദനവും ഉണ്ടാക്കാനുപയോഗിക്കുന്ന രാസപദാർത്ഥങ്ങളും ആസിഡ് പോലുള്ള വസ്തുക്കളും കണ്ടെടുത്ത് പരിശോധനയ്ക്കയച്ചു. മദ്യക്കുപ്പികളും പാൻപരാഗും മുറിയിൽ നിന്ന് കണ്ടെടുത്തു. ഇങ്ങനെ നിർമ്മിക്കുന്ന കരിപ്രസാദവും ചന്ദനവും സ്ഥിരമായി നെറ്റിയിലണിഞ്ഞാൽ നെറ്റിയിൽ പൊള്ളലേൽക്കാനും നിറവ്യത്യാസം ഉണ്ടാകാനുമുള്ള സാദ്ധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. പുറത്ത് നിർമ്മിക്കുന്ന കരിപ്രസാദവും ചന്ദനവും ക്ഷേത്രത്തിനുള്ളിൽ കീഴ്ശാന്തിയിൽ നിന്ന് 100 രൂപ മുതൽ 500 രൂപ വരെ ദക്ഷിണ നൽകി ഭക്ത്യാദരവോടെയാണ് ഭക്തർ വാങ്ങിയിരുന്നത്.
എത്തുന്നത് ആയിരങ്ങൾ
വിനായക ചതുർത്ഥി, മലയാള മാസം ഒന്ന്, ഞായറാഴ്ചകൾ, അവധിദിനങ്ങൾ, മറ്റു വിശേഷദിവസങ്ങളിലൊക്കെ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. ഈ ഭക്തർക്ക് നൽകിയിരുന്നത് കൃത്രിമമായി തയ്യാറാക്കിയ രാസപദാർത്ഥങ്ങളടങ്ങിയ കരിപ്രസാദമായിരുന്നു. പ്ളാസ്റ്റിക്ക് കവറുകളിലാക്കി എത്തിക്കുന്ന ഉമിക്കരിക്ക് സമാനമായ കറുത്ത പൊടി പ്രത്യേക രാസലായനിയിൽ കുഴച്ചാണ് കരിപ്രസാദമാക്കി മാറ്റുന്നത്. നെയ്ചേർത്തിളക്കുന്നതോടെ ഒറിജിനലുമായി വേർതിരിച്ചറിയില്ല. ചന്ദനത്തിന്റെ നിറവും മണവുമുള്ള പൊടിയാണ് ചന്ദനപ്രസാദമാക്കി മാറ്റുന്നതെന്നാണ് ഭക്തരുടെ ആരോപണം. വിജിലൻസ് അന്വേഷണം പൂർത്തിയാകും വരെ മേൽശാന്തിയെ മാറ്റി നിറുത്തി. ക്ഷേത്രത്തിനുള്ളിൽ തയ്യാറാക്കുന്ന അഷ്ടദ്രവ്യ ഹോമപ്രസാദം മാത്രമേ ഇനിമുതൽ ഭക്തർക്ക് നൽകുകയുള്ളുവെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കൃത്രിമ കരിപ്രസാദം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡിൽ
ഒന്നും സുതാര്യമല്ല
ശബരിമല അടക്കം ദേവസ്വം ക്ഷേത്രങ്ങളിൽ ഇപ്പോൾ പുറത്തുവന്ന ക്രമക്കേടുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് മുമ്പ് പ്രവർത്തിച്ചവർ പറയുന്നത്. നിലവിലെ ദേവസ്വം ബോർഡ് സംവിധാനത്തിന് ക്രമക്കേടുകൾക്കെതിരെ ഒന്നും ചെയ്യാനാകില്ലെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനും ദേവസ്വം ബോർഡ് മുൻ ചീഫ് വിജിലൻസ് ഓഫീസറുമായിരുന്ന വി. ഗോപാലകൃഷ്ണൻ പറഞ്ഞു. വിജിലൻസ് ഓഫീസർക്ക് അവിടെ ഒരു റോളുമില്ല. ക്രമക്കേടുകൾ കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്നവരെ ഇല്ലായ്മ ചെയ്യാനും മടിക്കില്ല. ഇതിന് ശ്രമിച്ച താൻ ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ഗോപാലകൃഷ്ണനെ ചീഫ് വിജിലൻസ് ഓഫീസറായി നിയമിച്ചത്. ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു. സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണംതട്ടുന്ന ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ടതാണ് ഈ ഗൂഢസംഘങ്ങൾ.
കോടികൾ വിലമതിക്കുന്ന സ്വർണവും രത്നവും കാണിക്കയായും ഭക്തർ ദക്ഷിണയായും നൽകുന്ന പണവും കൈകാര്യം ചെയ്യുന്നതിൽ യാതൊരു സുതാര്യതയുമില്ല. ദേവസ്വം ബോർഡുകളുടെ സ്വയം ഭരണം പേരിന് മാത്രമാണ്. സർക്കാർ നിശ്ചയിക്കുന്ന രാഷ്ട്രീയക്കാരാണ് ഭരണകർത്താക്കൾ. മതേതര രാഷ്ട്രത്തിൽ ക്ഷേത്രഭരണത്തിൽ മാത്രം സർക്കാർ ഇടപെടൽ ഉണ്ടാകുമ്പോൾ ആ രീതി മാറ്റേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു.