കൈത്തൊഴിലുകൾ വിസ്മൃതിയിലേക്ക്

Wednesday 15 October 2025 2:11 AM IST

ഉദിയൻകുളങ്ങര: പരമ്പരാഗത കുടിൽവ്യവസായങ്ങൾ വിസ്മൃതിയിലേക്ക് നീങ്ങുന്നു. ഗ്രാമീണർക്ക് താങ്ങും തണലുമായി നിലവിലുണ്ടായിരുന്ന

കൈത്തൊഴിലുകളാണ് ഓർമ്മയാകുന്നത്. പനയും തെങ്ങും അടയ്ക്കാമരങ്ങളുമിന്ന് ഇല്ലാതാക്കുന്നതും പ്ലാസ്റ്റിക് നിത്യോപയോഗ സാധനങ്ങളുടെ കടന്നുകയറ്റവും കുടിൽ വ്യവസായങ്ങളെ പാടെ തകിടം മറിക്കുന്നു. ഗ്രാമങ്ങളിലെ സ്ത്രീകളാണ് കൈത്തൊഴിലുകളേറെയും ചെയ്തിരുന്നത്. പനയോലകൊണ്ട് നിർമ്മിക്കുന്ന പായ,​ വിശറി,പന്ത്,വട്ടി,കൗതുകവസ്തുക്കൾ തുടങ്ങിയവയുടെ നിർമ്മാണങ്ങൾ പനയോല കിട്ടാതായതോടെ നിലച്ചു. നാട്ടിൽ തെങ്ങുകൾ നശിക്കുന്നതിനാൽ ഓലയിൽ നിന്നെടുക്കുന്ന വഴുത കൊണ്ട് നിർമ്മാണം നടത്തിവന്നിരുന്ന ഓല മെടയലും മുറം നെയ്യലും ഇപ്പോൾ കാണാനേയില്ല. അടയ്ക്കാമരത്തിന്റെ ലഭ്യതക്കുറവും നൂറുകണക്കിന് സ്ത്രീകളുടെ ഉപജീവനമാർഗം ഇല്ലാതാവാൻ കാരണമായിട്ടുണ്ട്. കൈത്തൊഴിൽ ഉപജീവനമാർഗമാക്കിയവർക്കു വേണ്ട സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ചിരട്ട കയറ്റി അയയ്ക്കുന്നു

വിപണിയിൽ നാളികേരം വില ഉയർന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. നാളികേരത്തിന്റെ ചിരട്ടകൊണ്ട് നിർമ്മിച്ചിരുന്ന ചിരട്ടത്തവി നിർമ്മാണവുമിന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ചിരട്ട കിട്ടാതായതും ചിരട്ട മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി അയക്കാൻ തുടങ്ങിയതുമാണ് ഇതിന് കാരണം. ചിരട്ടത്തവി നിർമ്മാണത്തിനാവശ്യമായ ഒരു കിലോ ചിരട്ടയ്ക്ക് നിലവിൽ 40 രൂപയാണ്. ചിരട്ടകൾ മിനുസപ്പെടുത്തുന്നതിന് 100 എണ്ണത്തിന് 80 രൂപാ നിരക്കിൽ കൊടുക്കേണ്ടിവരുന്നു. അടക്കയ്ക്ക് 1000 രൂപയോളം കൊടുക്കേണ്ടതായും വരുന്നു. ഗ്രാമീണ മേഖലകളിൽ ചിരട്ടത്തവികൾ നിർമ്മിക്കുമ്പോൾ ഒന്നിന് 20, 30, 40 എന്നിങ്ങനെ നിരക്കിലാണ് നിർമ്മാണത്തൊഴിലാളിക്ക് ലഭിക്കുന്നത്.

മൺപാത്ര നിർമ്മാണ

മേഖലയ്ക്കും തിരിച്ചടി

കളിമണ്ണിന്റെ ലഭ്യതക്കുറവ് മൺപാത്ര നിർമ്മാണ മേഖലയേയും സാരമായി ബാധിച്ചിട്ടുണ്ട്. മൺപാത്ര നിർമ്മാണങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതും ഈ മേഖലയ്ക്ക് തിരിച്ചടിയായി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ കടന്നുവരവ് ഗ്രാമീണ കൈത്തൊഴിൽ നിർമ്മാണരംഗത്തെ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് തൊഴിലാളികൾ പറയുന്നു.

കാരണമായി

കളിമണ്ണിന്റെ ലഭ്യതക്കുറവ്

പനയോല കിട്ടാനില്ല

നാളികേരവില ഉയർന്നു

പ്ലാസ്റ്റിക് നിത്യോപയോഗ സാധനങ്ങളുടെ കടന്നുകയറ്റം

ചിരട്ട കയറ്റി അയയ്ക്കുന്നതിനാൽ കിട്ടാനില്ല