കടുവാപ്പള്ളി - മാമം ബൈപ്പാസ് നിർമ്മാണം നാട്ടുകാർക്ക് വഴി നടക്കാൻ സർവീസ് റോഡും അണ്ടർപാസും വേണം

Wednesday 15 October 2025 1:20 AM IST

 രണ്ടായി മുറിഞ്ഞ് കീഴാറ്റിങ്ങൽ - മേലാറ്റിങ്ങൽ റോഡ്

ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ - മേലാറ്റിങ്ങൽ റോഡിനെ കീറിമുറിച്ച് നടത്തുന്ന ബൈപ്പാസ് നിർമ്മാണം അശാസ്ത്രീയമെന്ന് നാട്ടുകാർ. ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുമ്പോൾ കീഴാറ്റിങ്ങലിലുള്ളവർക്ക് മേലാറ്റിങ്ങലിലേക്കും തിരിച്ചും യാത്രചെയ്യാൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണമെന്നാണ് ആക്ഷേപം.

തങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ സർവീസ് റോഡും അണ്ടർപാസും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബൈപ്പാസ് പൂർത്തിയാകുന്നതോടെ കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസ്,കുടുംബാരോഗ്യ കേന്ദ്രം,ആയുർവേദ ആശുപത്രി,ഹോമിയോ ആശുപത്രി,കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ,കീഴാറ്റിങ്ങൽ മിൽക്കോ,കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,കീഴാറ്റിങ്ങൽ പി.എച്ച്.സി,ഗവ.എൽ.പി.എസ്,സ്വകാര്യ വിദ്യാലയങ്ങൾ,ദേവസ്വം ബോർഡ്,മൃഗാശുപത്രി,കടയ്ക്കാവൂർ ഗവൺമെന്റ് ഹൈസ്കൂൾ,കീഴാറ്റിങ്ങൽ അങ്കണവാടി തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് പോകാൻ അണ്ടർ പാസേജും സർവീസ് റോഡും അനിവാര്യമാണ്.

തങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ മേലാറ്റിങ്ങൽ മേഖലയിൽ അണ്ടർപാസും സർവീസ് റോഡും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങൽ,മേലാറ്റിങ്ങൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡിനെ രണ്ടായി മുറിച്ചാണ് ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഇപ്പോൾ 40 മീറ്റർ സഞ്ചരിച്ചാൽ മേലാറ്റിങ്ങലിൽ നിന്ന് കീഴാറ്റിങ്ങലിലെത്താം.എന്നാൽ ബൈപ്പാസ് പൂർത്തിയായാൽ 5 കിലോമീറ്റർ ചുറ്റി സ‌ഞ്ചരിക്കണമെന്നാണ് നാട്ടുകാരുടെ പരാതി.

നിലവിൽ റോഡ് ഉൾപ്പെട്ട മേഖലയിൽ പാർശ്വഭിത്തി കെട്ടി അടച്ചിരിക്കുകയാണ്. ഇതുമൂലം റോഡിനായി സ്ഥലം വിട്ടുനൽകിയവർക്കുപോലും ബാക്കിയുള്ള പുരയിടങ്ങളിലേക്ക് പോകുന്നതിനുള്ള വഴി നിഷേധിച്ചിരിക്കുകയാണ്.

സ്കൂൾ ബസടക്കമുള്ള അനേകം വാഹനങ്ങൾ സഞ്ചരിച്ചിരുന്ന ഈ മേഖല ഇന്ന് വിജനമാണ്. വിദ്യാർത്ഥികളുമായി രക്ഷിതാക്കൾ കാൽനടയായി പ്രധാന റോഡിലെത്തിയാണ് ബസിൽ കയറ്റുന്നത്.

50 മീറ്ററിലധികം പൊക്കത്തിൽ കുന്നിടിച്ചുള്ള നിർമ്മാണവും അശാസ്ത്രീയമെന്ന് നാട്ടുകാർ ആരോപിക്കുന്നു

ദേശീയപാത 66ൽ കടുവാപ്പള്ളി മുതൽ മാമം വരെയുള്ള ബൈപ്പാസ് പാതയിൽ, ആറ്റിങ്ങൽ പൂവൻപാറ - കീഴാറ്റിങ്ങൽ വിളയിൽമൂലയിലാണ് സർവീസ് റോഡും അണ്ടർപാസും നിർമ്മിക്കേണ്ടത്. ഇതുസംബന്ധിച്ച നിവേദനം നാട്ടുകാർ അടൂർ പ്രകാശ് എം.പിക്ക് നൽകി.