ഹരിമറ്റം ക്ഷേത്രത്തിലെ മോഷണം: പ്രതികൾ അറസ്റ്റിൽ

Wednesday 15 October 2025 12:21 AM IST

കൊച്ചി: അമ്പലമേട് ഹരിമറ്റം ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാനക്കാരെ അറസ്റ്റുചെയ്തു. അസാം സ്വദേശികളായ രജിഗുൽ ഇസ്ലാം (32), അജ്ഹാർ ഉഡിൻ (42) എന്നിവരാണ് അമ്പലമേട് പൊലീസിന്റെ പിടിയിലായത്.

എട്ടിന് രാത്രി ക്ഷേത്രവളപ്പിൽ അതിക്രമിച്ച് കയറിയായിരുന്നു മോഷണം. ശിവപ്രതിഷ്ഠയുടെ മുൻവശത്തെ കൊടിമരത്തിന്റെ ചെമ്പുപാകിയ വേലിയുടെ നട്ടുംബോൾട്ടും ഇളക്കിമാറ്റി അറുപതോളം ചെരാതുകളും വലിയവിളക്കും കവർന്നു. 18 കിലോവരുന്ന ചെരാതുകൾക്ക് 18,000രൂപ വിലയുണ്ട്. സി.സി ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കരിമുകൾഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. കവർന്ന ചെരാതുകളും വിളക്കുകളും ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തി. അജ്ഹാർ ഉഡിൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുകയാണ്.

അജ്ഹാർ ഉഡിൻ

ഇൻസ്പെക്‌ടർ എസ്.ആർ സനീഷ്, എസ്.ഐമാരായ അരുൺകുമാർ, ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.