ഐ ആം ഗെയിമിൽ കയാദു ലോഹർ
ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിൽ തെന്നിന്ത്യൻ താരം കയാദു ലോഹൻ. കൊച്ചിയിലെ ലൊക്കേഷനിൽ കയാദു ജോയിൻ ചെയ്തു. പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗണിലൂടെ ഇന്റർനാഷണൽ ക്രഷ് ആയി മാറിയ കയാദു ലോഹർ ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പിയിലും അഭിനയിക്കുന്നുണ്ട്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെയാണ് മലയാള അരങ്ങേറ്റം. അതേസമയം ഐ ആം ഗെയിമിന്റെ അൻപതുശതമാനം ചിത്രീകരണം പൂർത്തിയായി. ചെന്നൈയിലും ഹൈദരാബാദിലും ചിത്രീകരണമുണ്ട്. ഡിസംബർ അവസാനത്തോടെ പൂർത്തിയാകും. ആക്ഷന് പ്രാധാന്യം നൽകി മാസ് എന്റർടെയ്നറായി ഒരുക്കുന്ന ചിത്രത്തിലൂടെ തമിഴ് നടൻ മിഷ്‌കിൻ മലയാളത്തിലേക്ക് എത്തുന്നു. ആന്റണി വർഗീസ്, തമിഴ് താരങ്ങളായ സംയുക്ത വിശ്വനാഥൻ, കതിർ, കിൽ താരം പാർത്ഥ് തിവാരി എന്നിവരാണ് മറ്റു അഭിനേതാക്കൾ. സജീർബാബ, ഇസ്മയിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ആണ് സംഭാഷണം.
ആർഡി എക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം ദുൽഖറിന്റെ കരിയറിലെ 40-ാം ചിത്രംകൂടിയാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം.