സോഷ്യൽ ഫോറസ്ട്രി വകുപ്പിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുഞ്ഞിമംഗലത്തെ കണ്ടൽ പുന:സ്ഥാപിക്കണം; മൂന്നുമാസത്തെ സാവകാശം മാത്രം
പയ്യന്നൂർ:തീരദേശ നിയന്ത്രണ മേഖലയിൽ 1എ , 1ബി വിഭാഗത്തിൽപ്പെടുന്ന കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ നശിപ്പിച്ച കണ്ടൽക്കാടുകൾക്ക് പകരം തൈകൾ നട്ട് മൂന്നുമാസത്തിനകം കോഴിക്കോട് സോഷ്യൽ ഫോസ്ട്രി നോർത്ത് റീജിയൻ കൺസർവേറ്റർ നേതൃത്വത്തിൽ പുനസ്ഥാപിക്കണമെന്ന് ജസ്റ്റിസ് നിതിൻ ജംദാർ , ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വാണിജ്യാവശ്യത്തിനായി രണ്ട് സ്വകാര്യവ്യക്തികൾ വൻതോതിൽ കണ്ടലുകൾ നശിപ്പിച്ചത് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ കുഞ്ഞിമംഗലത്തെ പി.പി.രാജൻ നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
കണ്ടൽക്കാട് പ്രദേശം പൂർണ്ണമായി പുന:സ്ഥാപിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
ജില്ലകളക്ടറുടെ നേതൃത്വത്തിൽ തഹസിൽദാർ, പയ്യന്നൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, റേഞ്ച് എവയോൺമെന്റൽ എൻജിനീയർ എന്നിവരെ ഉൾപ്പെടുന്ന സംഘം സ്ഥലം പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്. നിയമലംഘനം അധികൃതരെ അറിയിക്കുവാൻ ഫോൺ, ഇ മെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
നശിപ്പിക്കപ്പെട്ടത് 11.42 സെന്റിലെ കണ്ടൽക്കാട്
കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ പരിശോധന റിപ്പോർട്ടിൽ ചുവന്ന മണ്ണും നിർമ്മാണ മാലിന്യവും തള്ളി ഏകദേശം 11.42 സെന്റ് കണ്ടൽക്കാട് നശിപ്പിച്ചതായി ഡിവിഷൻ ബെഞ്ച് കണ്ടെത്തി. സി.ആർ.സെഡ് 1എ യിൽപ്പെട്ട 16.56 സെന്റ് ബഫർ ഏരിയ തകർത്തു. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രവൃത്തി നടത്തി. ഇത് 2011ലെ സി.ആർ.സെഡ് വിജ്ഞാപനത്തിന്റെ ലംഘനമാണ്. ഹരജിക്കാരൻ 2023ൽ പരാതി നൽകിയതിന് ശേഷവും റവന്യൂ , ഫോറസ്റ്റ് , പ്രാദേശിക സ്വയംഭരണ വകുപ്പുകൾ ഉൾപ്പെടെയുള്ള അധികാരികൾ കണ്ടൽ പുന:സ്ഥാപിക്കാൻ തയ്യാറാകാത്തതിൽ ഡിവിഷൻ ബെഞ്ച് അസന്തുഷ്ടി രേഖപ്പെടുത്തി.
ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
കണ്ടൽ വനങ്ങൾ പ്രത്യേക ജീവവൈവിധ്യമുള്ള അതുല്യമായ ഒരു ഇക്കോസിസ്റ്റം
നാശനഷ്ടം സംഭവിക്കുന്നതിനു തടയുന്നതിന് മുൻഗണന നൽകണം
ഒരിക്കൽ നശിച്ചാൽ അതിന്റെ സ്വാഭാവിക ഏകത എളുപ്പത്തിൽ തിരിച്ച് കൊണ്ട് വരാൻ കഴിയില്ല , അതിനാൽ നിരീക്ഷണവും പുന:സ്ഥാപനവും ശക്തമാക്കണം
സംരക്ഷിതമേഖലയിലെ അനധികൃത നിർമ്മാണം തടയുന്നത് നിയമപരമായ ബാദ്ധ്യത
സി.ആർ.സെഡ് 1എ ,1ബി മേഖലകളിലെ നിർമ്മാണത്തിന് വനം,കാലാവസ്ഥ മന്ത്രാലയ അനുമതി വേണം
കുഞ്ഞിമംഗലത്തെ കണ്ടൽക്കാടുകൾ നിരീക്ഷിക്കുന്നതിന് പ്രത്യേക സർക്കാർ പദ്ധതി