ജാമ്യം കിട്ടാൻ കൃത്രിമരേഖ പണം നൽകി കള്ളസാക്ഷ്യം പരിശോധന കർശനമാക്കണമെന്ന് കോടതി

Tuesday 14 October 2025 9:47 PM IST

കണ്ണൂർ: വിവിധ കേസുകളിൽ സമർപ്പിക്കുന്ന ജാമ്യാപേക്ഷകളിൽ വ്യാജരേഖകൾ കൂടുന്നതായി ജില്ലാ സെഷൻസ് കോടതിയുടെ വിലയിരുത്തൽ.ഇതെ തുടർന്ന് ജാമ്യാപേക്ഷയ്ക്കൊപ്പം സമർപ്പിക്കുന്ന രേഖകൾ കർശനമായി പരിശോധിക്കാനും തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജ് കെ.ടി.നിസാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സമീപകാലത്ത് ജില്ലയിലെ വിവിധ കോടതികളുടെ പരിഗണനയിൽ വന്ന കേസുകളിൽ വ്യാജ രേഖകൾ ഉണ്ടെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

പ്രതികളെ പലരും ജാമ്യത്തിലെടുക്കുന്നത് തെറ്റായ രേഖകൾ സമർപ്പിച്ചാണ് . തലശ്ശേരി കോടതിയിൽ ജുവനൈൽ കേസിൽ പെട്ട പ്രതിയെ ജാമ്യത്തിലെടുക്കാൻ സമർപ്പിച്ച രേഖകൾ തെറ്റാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വില്ലേജ് ഓഫീസ് വഴി നൽകിയ നികുതി ശീട്ടുകളിലാണ് തെറ്റായ വിവരങ്ങൾ മാറ്റി രേഖപ്പെടുത്തിയത്. ഈ സംഭവത്തിൽ ഇരിക്കൂർ പടിയൂർ സ്വദേശി പുത്തൻപറമ്പിൽ കെ.പി.ഫാരീസിനെതിരെ (38) നിയമ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു.

പലരും സ്ഥിരം ജാമ്യക്കാർ

ജുവനൈൽ കേസിൽ തെറ്റായ രേഖകൾ ഹാജരാക്കിയ ഇരിക്കൂർ പടിയൂർ സ്വദേശി പുത്തൻപറമ്പിൽ കെ.പി.ഫാരീസിനെതിരെ കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ നിയമ നടപടിയെടുക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇയാളെ പറ്റി നടത്തിയ അന്വേഷണത്തിൽ മറ്റ് പല കേസുകളിലും ഇയാൾ പലർക്ക് വേണ്ടിയും ജാമ്യം നിന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മേൽ ജപ്തി നടപടി ഉള്ളതായും പടിയൂർ വില്ലേജ് ഓഫീസിൽ നിന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കോടതിയിലെ ശിരസ്ത്ദാർ ഫാരീസിനെതിരെ തലശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റ് കോടതികളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായാണ് വിവരങ്ങൾ. എന്നാൽ തെളിവുകളുടെ അഭാവം ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് തടസമാകുന്നതായും വിവരമുണ്ട്.

ഇടപാടിന് പ്രതിഫലവും

ഇത്തരക്കാർ കള്ള സാക്ഷി പറയാനും വ്യാജരേഖകൾ സമർപ്പിക്കാനും പ്രതികളിൽ നിന്നും വൻതുക കൈപ്പറ്റുന്നതായും വിവരമുണ്ട്. കേസുകളുടെ വലുപ്പത്തിന്റെയും കുറ്റക്കാരുടെ സാമ്പത്തിക സ്ഥിതിയുമുൾപ്പെടെ കണക്കിലെടുത്താണ് നിരക്ക് നിശ്ചയിക്കുന്നത്. രണ്ടായിരം രൂപ മുതലാണ് പ്രതിഫലം തുടങ്ങുന്നത്. പൊലീസിന് ഇവരിൽ പലരെക്കുറിച്ചും അറിയാമെങ്കിലും നടപടിയെടുക്കാൻ പലപ്പോഴും സാധിക്കാറില്ല. ഇവരിൽ പലർക്കും രാഷ്ട്രീയ പിൻബലവുമുണ്ട്.

പത്തുവർഷം വരെ തടവ്

വ്യാജരേഖകൾ കോടതിയിൽ സമർപ്പിക്കുന്നതും കോടതിയെ കബളിപ്പിക്കുന്നതും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണ്. ഇതിന് ഏഴ് വർഷം മുതൽ പത്ത് വർഷം വരെ തടവും പിഴയും അടങ്ങുന്ന ശിക്ഷ ലഭിക്കാം.

വകുപ്പുകൾ ചെറുതല്ല

കള്ളസാക്ഷി പറയൽ - വകുപ്പ് 227

കള്ള തെളിവ് ഉപയോഗിക്കൽ -വകുപ്പ് 228

 വ്യാജ രേഖ ഉപയോഗിക്കൽ - വകുപ്പ് 229

 വഞ്ചന - വകുപ്പ് 254

കോടതിയെ കബളിപ്പിക്കൽ - വകുപ്പ് 73