മുണ്ടോണിക്കരയിൽ കര കാണാതെ പാലം നിർമ്മാണം

Wednesday 15 October 2025 3:01 AM IST

കല്ലറ: മുണ്ടോണിക്കര നിവാസികൾക്ക് പാലം എന്നത് സ്വപ്നം മാത്രം. നൂറിലേറെ കുടുംബങ്ങളാണ് പാലമില്ലാതെ ബുദ്ധിമുട്ടുന്നത്.പാങ്ങോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ടതാണ് പ്രദേശം.കാരേറ്റ് പാലോട് പ്രധാന റോഡിൽ മരുതമൻ കശുഅണ്ടി ഫാക്ടറിക്ക് സമീപം നിന്നാംരംഭിക്കുന്ന റോഡ് മുണ്ടോണിക്കര ഭാഗത്തെത്തുമ്പോൾ അവസാനിക്കുകയാണ്.ഈ റോഡ് അവസാനിക്കുന്ന ഭാഗത്ത് മുണ്ടോണിക്കര തോടിന് കുറുകെ ഒരു പാലം സ്ഥാപിക്കുകയാണെങ്കിൽ എളുപ്പത്തിൽ അവിടെ നിന്ന് മുണ്ടോണിക്കര ഭാഗത്തേക്ക് പോകാൻ കഴിയും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരുടെയും വാഗ്ദാനമാണ് ഇവിടെ പാലം നിർമ്മിക്കാമെന്നത്. വരുന്ന തിരഞ്ഞടുപ്പിനു ശേഷമെങ്കിലും അധികൃതർ ഇടപെട്ട് ഇവിടെ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാൽനട ശരണം

ഈ ഭാഗത്തുള്ളവർക്ക് ആശുപത്രി, മരണം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കൊക്കെ കാൽനട മാത്രമാണ് ശരണം, നൂറു കണക്കിനു വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമൊക്കെയുള്ള പ്രദേശമാണിത്.

റോഡ് ആയെങ്കിലും

മുപ്പത് വർഷങ്ങൾക്ക് മുൻപാണ് നടവരമ്പ് മാത്രമുള്ള ഭാഗത്ത് നിലവിലുള്ള റോഡ് വെട്ടിയത്.പിന്നീട് പലപ്രാവശ്യമായി കുറേയധികം ഭാഗം കോൺക്രീറ്റ് ചെയ്തു. ബാക്കി ഭാഗം കൂടി കോൺക്രീറ്റ് ചെയ്ത് റോഡിന്റെ വെള്ളക്കെട്ടും മാറ്റി പാലം കൂടി സ്ഥാപിക്കുകയാണെങ്കിൽ ഗതാഗതക്കുരുക്കുള്ള കല്ലറ ജംഗ്ഷനിൽ പോകാതെ തന്നെ പാങ്ങോട്,മൈലമൂട്,തച്ചോണം,കുമ്മിൾ ഭാഗത്തുള്ളവർക്ക് ഇതുവഴി എളുപ്പത്തിൽ കാരേറ്റ്,കുറ്റിമൂട്,കിളിമാനൂർ, തൊളിക്കുഴി ഭാഗങ്ങളിലേക്ക് പോകാൻ കഴിയും.