80 ലക്ഷത്തിന്റെ കവർച്ച: മുഖംമൂടിധാരികളെത്തിയത് ജോജിയുടെ ‘മിസ്ഡ് കാളിൽ’
കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീൽവ്യാപാര സ്ഥാപനത്തിൽ വ്യാപാരിയുടെ 80ലക്ഷംരൂപ തട്ടിയെടുക്കാനെത്തിയ മുഖംമൂടിധാരികൾ കാറിൽ തോക്കും വടിവാളുമായി കാത്തിരുന്നത് ആഡംബര കാർഷോറൂമിന് സമീപം. വ്യാപാരി സുബിൻ നോട്ടുകെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ മുഖ്യപ്രതി ആലങ്ങാട് സ്വദേശി ജോജിയുടെ ഫോണിൽനിന്ന് മിസ്ഡ് കോൾ കിട്ടിയതോടെയാണ് മുഖംമൂടിസംഘം സ്റ്റീൽവ്യാപാര സ്ഥാപനത്തിലേക്ക് ഇരച്ചെത്തി പണം തട്ടിയെടുത്തത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു മിസ്ഡ് കോൾ . കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് കവർച്ചയുടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ജോജിയും അഭിഭാഷകനായ നിഖിൽ നരേന്ദ്രനാഥുമാണ് കവർച്ചയുടെ മുഖ്യആസൂത്രകരെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം കുണ്ടന്നൂരിൽനിന്ന് ജോജിയും വിഷ്ണുവും രക്ഷപ്പെട്ടത് അഭിഭാഷകന്റെ കാറിൽ. മുഖംമൂടി സംഘത്തിലെ ജയ്സൽ ഫ്രാൻസിസ്, അബിൻസ് കുര്യാക്കോസ്, രാഹുൽ എന്നിവരെ ഏർപ്പാടാക്കിയതും എയർപിസ്റ്റലും വടിവാളുകളും നൽകിയതും ജോജി. വ്യാപാരിക്കുനേരേ ചൂണ്ടിയ പിസ്റ്റളിൽ വെടിയുണ്ടകൾ ഉണ്ടായിരുന്നില്ല. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ മുഖംമൂടികൾക്ക് ഒരുലക്ഷംരൂപമുതൽ രണ്ടുലക്ഷം വരെയാണ് ജോജി വാഗ്ദാനംചെയ്തത്. കസ്റ്റഡിയിലായിരുന്ന ജോജിയെയും സഹായി ഇടുക്കി മുരിക്കാശേരി സ്വദേശി ലെനിനെയും ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജോജിക്കും നിഖിലിനും പുറമെ പള്ളുരുത്തി സ്വദേശിനി ബുഷ്റ, ചേരാനല്ലൂർ സ്വദേശി ആസിഫ് എന്നിവർക്കും കവർച്ചയുടെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ തമ്മിലുള്ള പരിചയത്തെക്കുറിച്ച് പരിശോധിക്കുകയാണ്. കവർച്ചയുടെ വിഹിതം കൈപ്പറ്റാൻ സാധിക്കുംമുമ്പേ നിഖിൽ, ബുഷ്റ, ആസിഫ് എന്നിവർ അറസ്റ്റിലായി. കുണ്ടന്നൂരിൽനിന്ന് ഇടുക്കിയിലേക്ക് കടന്ന ജിജോ മൊബൈൽഫോണിൽ നിരവധിതവണ നിഖിലിനെ വിളിച്ചെന്ന് കണ്ടെത്തി. കവർച്ചത്തുകയിൽ 67 ലക്ഷംരൂപ കണ്ടെടുത്തു. ജോജി സൂക്ഷിക്കാനേൽപ്പിച്ച തുക ചെലവഴിച്ച് ലെനിൻ വാങ്ങിയ 10 ചാക്ക് ഏലം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.