പവർലിഫ്റ്റിംഗിൽ ലോകകരുത്താകാൻ അശ്വതി റുമാനിയയിലേക്ക്
കണ്ണൂർ:റുമാനിയയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ് മത്സര വേദിയിയെ പ്രതീക്ഷയോടെ കാണുകയാണ് പരിയാരം സ്വദേശിനി അശ്വതി.കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളേജിലെ എം.എ ഇഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഈ പെൺകുട്ടി സീനിയർ വേൾഡ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 85 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്.നവംബർ പത്തിനാണ് മത്സരം. നവംബർ എട്ടിന് നാട്ടിൽ നിന്നും പുറപ്പെടും.
മത്സരത്തിനായി കഠിന പരിശീലനത്തിലാണ് താരം.കർണ്ണാടക ദാവൻഗരെയിൽ നടന്ന സീനിയർ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നേടിയ മെഡലാണ് ലോക ചാമ്പ്യൻഷിപ്പിലേക്ക് വാതിൽ തുറന്നത്.രണ്ട് തവണ സംസ്ഥാനതലത്തിൽ സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യനും നാല് വർഷം യൂണിവേഴ്സിറ്റി ചാമ്പ്യനുമായിരുന്നു. ദേശീയതലത്തിൽ നാല് വർഷം കണ്ണൂർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചിട്ടുണ്ട് ഈ പെൺകുട്ടി.
ചെറുപ്പം മുതൽ പവർ ലിഫ്റ്റിംഗിനോട് പ്രത്യേകതാത്പ്പര്യമായിരുന്നു.അത്ലറ്റിക്സിൽ മത്സരിച്ചുതുടങ്ങിയ താരം പിന്നീട് പവർലിഫ്റ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൃഷ്ണ മേനോൻ കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ എച്ച്.ഒ.ഡിയായ ഡോ. ശ്യാംനാഥാണ് പരിശീലകൻ .കോളേജിൽ നിന്ന് തന്നെയാണ് പരിശീലനം.ദിവസവും രാവിലെ ആറര മുതൽ പരിശീലനം തുടങ്ങും
അശ്വതിക്ക് ആവശ്യമായ ന്യൂട്രീഷ്യനുകളെല്ലാം വേണ്ട വിധത്തിൽ തിരഞ്ഞെടുക്കുന്നത് അമ്മ കെ.എം.ഷാലിനിയും സഹോദരി അഞ്ജുവുമാണ് .ലോകചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക ചിലവാണ് അശ്വതിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. മത്സരത്തിൽ പങ്കെടുക്കാൻ വലിയ തുക തന്നെ ആവശ്യമാണ്. നിലവിൽ കോളേജ് അധികൃതരുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ ഫണ്ട് കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
അമ്മയാണ് പവർ ലിഫ്റ്റിംഗിനുള്ള സ്ട്രംഗ്ത്തുണ്ടെന്ന് മനസ്സിലാക്കി തന്നത് .അമ്മയാണ് പ്രചോദനം.ചിട്ടയായ പരിശീലനമാണ് ലോക മത്സര വേദിയിലേക്കെത്തിച്ചത്.ലോക ചാമ്പ്യൻഷിപ്പിലും മെഡൽ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ .
എ.അശ്വതി