മദ്യപിക്കാൻ പണം നൽകിയില്ല,​ ഭാര്യയെയും മകളേയും ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

Wednesday 15 October 2025 1:05 AM IST

മാവേലിക്കര: മദ്യപിക്കാൻ പണം നൽകാത്തതിന് ഭാര്യയെയും മകളേയും ഉപദ്രവിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാർ സ്വദേശിയായ പള്ളിതെക്കതിൽ വീട്ടിൽ അഷറഫിനെയാണ് (42) കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ പി.കെ.മോഹിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടുപണിക്കായി ഭാര്യ ബന്ധുക്കളിൽ നിന്ന് കടം വാങ്ങിവച്ചിരുന്ന പണം മദ്യപിക്കാൻ കൊടുക്കാത്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം.

വെളുപ്പിന് മൂന്നു മണിയോടെ ഇയാൾ ഭാര്യ കിടന്നിരുന്ന മുറിയിൽ ചെന്ന് പണം ചോദിച്ച് വീണ്ടും ബഹളംവയ്ക്കുകയും പുറത്തിറങ്ങിയ ഭാര്യയെ കമ്പുകൊണ്ട് തലക്ക് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. തടസം പിടിക്കാൻ ചെന്ന മകളേയും അടിച്ചു. പ്രതി മുമ്പും പല പ്രാവശ്യം ഭാര്യയെയും മക്കളേയും ഉപദ്രവിച്ചിട്ടുണ്ട്.

എസ്.ഐ ബിന്ദുരാജ്.എസ്, എ.എസ്.ഐ രാജേഷ്.ആർ.നായർ, സീനിയർ സി.പി.ഒ ശ്യാം കുമാർ, സി.പി.ഒമാരായ അശ്വിൻ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.