വസ്തുനൽകാമെന്ന് പറഞ്ഞ് 22 ലക്ഷം തട്ടിയ കോടതി ജീവനക്കാരൻ അറസ്റ്റിൽ

Wednesday 15 October 2025 2:05 AM IST

ഹരിപ്പാട്: വസ്തുനൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടിയെടുത്ത കോടതി ജീവനക്കാരൻ അറസ്റ്റിൽ. കുമാരപുരം കരുവാറ്റ തെക്ക് കൊച്ചു പരിയാത്ത് വീട്ടിൽ രാജീവ് എസ്.നായർ(44) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. കുമാരപുരം കാവുങ്കൽ പടീറ്റത്തിൽ, ഗോപികയിൽ നിന്നാണ് പണം തട്ടിയത്. ഗോപികയുടെ സഹോദരൻ രാജീവിന്റെ വീട്ടിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ആ പരിചയത്തിൽ ഗോപിക വീടുവയ്ക്കാൻ സ്ഥലം നോക്കുന്നുണ്ടെന്ന് മനസിലാക്കുകയും

മാവേലിക്കര കുടുംബ കോടതിയുടെ എതിർവശം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലമുണ്ടെന്ന് പറഞ്ഞ് പണമായും ഗൂഗിൾ പേ വഴിയും 22 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. തുടർന്ന് ഗോപികയേയും ഭർത്താവിനെയും വസ്തു കാണിക്കുകയും കോടതി സീൽ ചെയ്ത നിലയിലാണ് എന്ന് ധരിപ്പിക്കുകയും ചെയ്തു. ചെങ്ങന്നൂർ കോടതിയിലെ ബഞ്ച് ക്ലാർക്കായ രാജീവ്‌,​ വസ്തുവിന്റെ പേരിൽ ബാധ്യത തീർക്കാനുണ്ടെന്ന് പറഞ്ഞ് പല തവണയായി വീണ്ടും പണം വാങ്ങി. എന്നാൽ വസ്തു കിട്ടാതായപ്പോൾ ഇവർ ഹരിപ്പാട് പൊലീസിൽ പരാതി. പൊലീസ് അന്വേഷണത്തിൽ രാജീവ്‌ കൊടുക്കാമെന്നു പറഞ്ഞ വസ്തു ഇയാളുടെ പേരിൽ അല്ലെന്നും അത് കൊല്ലത്തുള്ള ഒരാളുടെ പേരിലാണെന്നും കണ്ടെത്തി. തുടർന്ന് ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ മുഹമ്മദ്‌ ഷാഫി, എസ്. ഐ ആദർശ്. എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ രേഖ, സി.പി.ഒ മാരായ നിഷാദ്, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.