മാന്നാറിലെ ഫുട്ബാൾ ടർഫ് കോർട്ട്,​ തുറക്കുന്നതും കാത്ത് കായികപ്രേമികൾ

Wednesday 15 October 2025 1:17 AM IST

മാന്നാർ: കുരട്ടിക്കാട് ആറാം വാർഡിൽ ഈസ്റ്റ് വെൽഫയർ സ്കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ ഫുട്ബാൾ ടർഫ് കോർട്ട് തുറക്കുന്നതും കാത്ത് കായിക പ്രേമികൾ. ഫെൻസിംഗ്, ഇന്റർലോക്ക്, ഓപ്പൺ ജിംനേഷ്യം അടക്കം ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കാനുള്ള സാങ്കേതിക അനുമതി ലഭിച്ചെങ്കിലും ടെണ്ടർ നടപടികളുടെ കാലതാമസമാണ് കായികപ്രേമികളുടെ കാത്തിരിപ്പിന് കാരണം. മാന്നാറിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തു പകർന്നുകൊണ്ട് മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായിട്ടാണ് 1.5 കോടി രൂപ വകയിരുത്തി ഫുട്ബാൾ കോർട്ട് നിർമ്മാണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 65 ലക്ഷം രൂപ വിനിയോഗിച്ച് ടർഫിന്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും അനുബന്ധ പ്രവൃത്തികൾ നടക്കാത്തതാണ് കായിക പ്രേമികളെ നിരാശയിലാക്കുന്നത്. എന്തായാലും നിരവധി ഫുട്ബാൾ താരങ്ങളുടെ വളർച്ചക്ക് സഹായകരമാകുന്ന കുരട്ടിക്കാട് ഈസ്റ്റ് വെൽഫയർ സ്കൂൾ ഗ്രൗണ്ടിലെ ടർഫ് കോർട്ടിൽ പന്തുരുളുന്നതും കാത്തിരിക്കുകയാണ് കായികപ്രേമികൾ.

ടെണ്ടർ നടപടികൾ നീളുന്നു

അതേസമയം,​ അനുബന്ധ പ്രവൃത്തികൾക്ക് 85 ലക്ഷം രൂപക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതായും ടെണ്ടർ നടപടികൾ പൂർത്തിയായാൽ അനുബന്ധപണികൾ ഉടൻ പൂർത്തിയാക്കി ടർഫ് കോർട്ട് നാടിന് സമർപ്പിക്കുമെന്നും മന്ത്രി സജി ചെറിയാന്റെ ഓഫീസ് അറിയിച്ചു. നിർമ്മാണം പൂർത്തിയായാൽ ഫുട്ബാൾ ടർഫ് കോർട്ടിന്റെ ഉത്തരവാദിത്തം ഈസ്റ്റ് വെൽഫയർ സ്കൂൾ വികസന സമിതിക്കാണ്. ഇതിന്റെ വൈദ്യുതി ചാർജ്, പരിപാലകന്റെ വേതനം, അറ്റകുറ്റപ്പണികൾ എന്നിവക്കായുള്ള പണം കണ്ടെത്തുന്നതിനായി ടർഫ് ഉപയോഗിക്കുന്നവരിൽ നിന്ന് ഒരു നിശ്ചിത തുക ഈടാക്കും.

ഏറെ നാളത്തെ പരിശ്രമ ഫലമായിട്ടാണ് ഫുട്ബാൾ ടർഫ് കോർട്ടിന്റെ നിർമ്മാണം ആരംഭിച്ചത്. ബാക്കിയുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള നടപടികൾ നടന്നുവരികയാണ്.

-സലിം പടിപ്പുരയ്ക്കൽ

വാർഡ് മെമ്പർ

സാമൂഹ്യവിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും താവളമായി മാറിയ ഫുട്ബാൾ ടർഫ് കോർട്ട് ഉടൻ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം

-അൻസിൽ അസീസ്,​

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം