മൊഗ്രാൽ സ്കൂളിൽ വിജിലൻസ് പരിശോധന; 32.5 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തി

Tuesday 14 October 2025 10:16 PM IST

കാസർകോട് മൊഗ്രാൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വികസന ഫണ്ടിൽ നിന്ന് 32.5 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി ഉണ്ണികൃഷ്ണനും സംഘവുമാണ് സ്കൂളിൽ എത്തി രേഖകൾ പരിശോധിച്ചത്.

സ്കൂളിലെ മുൻ പ്രിൻസിപ്പൽ കെ.അനിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സ്കൂളിലെ പി.ടി.എ കമ്മിറ്റി വിജിലൻസിനും കുമ്പള പൊലീസിനും കാസർകോട് ഡി.ഡി.എക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. സ്കൂളിന് അനുവദിച്ച 32.5 ലക്ഷം രൂപ കാണാനില്ലെയിരുന്നു പരാതി.

പിൻവലിച്ചത് കെട്ടിടനിർമ്മാണത്തിന് അനുവദിച്ച തുക

സ്കൂളിലെ ക്‌ളാസ് റൂം നിർമ്മാണത്തിനും തൊഴിൽ അധിഷ്ഠിത കോഴ്സ് അടക്കം നടത്തുന്നതിനും അനുവദിച്ച തുക തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ക്‌ളാസ് മുറി നിർമ്മാണത്തിന് സമഗ്ര ശിക്ഷ പദ്ധതി പ്രകാരം അനുവദിച്ച തുക ക്‌ളാസ് മുറികൾ നിർമ്മിക്കാതെയും പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങളുടെ ബിൽ നൽകാതെയും പിൻവലിച്ച് ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്.

രണ്ടു വർഷം മുമ്പാണ് അനിൽ മൊഗ്രാൽ സ്കൂളിൽ ചുമതലയേറ്റത്. ഈ വർഷം ഇദ്ദേഹം മലപ്പുറത്തേക്ക് സ്ഥലം മാറിപ്പോയതിന് ശേഷം ചുമതലയേറ്റ അദ്ധ്യാപകനാണ് ക്രമക്കേട് കണ്ടെത്തിയത്.