കന്നിമാസത്തിലെ ആയില്യം നാളെ, നാവോറുപാട്ട് ഇവർക്ക് കുടുംബപുരാണം
ചേർപ്പ് : അന്യമാകുന്ന നാവോറുപാട്ടുകളുടെ ഗ്രാമീണത നിലനിറുത്തി മുന്നോട്ടുപോകുകയാണ് ചേർപ്പ് പാറക്കോവിൽ പുത്തൻവീട്ടിലെ ആറംഗ സഹോദരങ്ങൾ. ഭാരതി, അമ്മിണി, സുഭാഷിണി, തങ്കമ്മ, അംബിക, ചന്ദ്രൻ, ശശി എന്നീ പുള്ളുവ സമുദായത്തിൽപെട്ട ഏഴംഗ സഹോദരങ്ങളിലെ ചന്ദ്രൻ ഇന്ന് ജീവിച്ചിരിപ്പില്ല. ആളുകളുടെ ആവശ്യപ്രകാരം നാഗപ്രീതിക്കായി വീണയും, പുള്ളോർക്കുടവുമായി വീട്ടിലും കുടുംബക്ഷേത്രങ്ങളിലും കാവുകൾ തോറും ചുറ്റിസഞ്ചരിക്കുകയാണ് ഇവരുടെ രീതി. പഞ്ചവർണ്ണപ്പൊടികൾ കൊണ്ട് നാഗക്കളങ്ങളും ഒരുക്കും. അഥർവ്വം, വീണപൂവ് തുടങ്ങിയ ആദ്യകാല സിനിമകളിൽ തങ്കമ്മയും ഭർത്താവ് വാസുവും അമ്മിണിയും പുള്ളവൻപാട്ട് പാടി അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പിതാവ് പരമ്പരാഗത നാവോറു പാട്ടുകലാകാരനായ പരേതനായ കുറ്റിച്ചിറ രാഘവൻ പകർന്നുനൽകിയതാണ് ഈ നാവോറു പാട്ടുകൾ. ഇവരിൽ മൂത്തസഹോദരിയായ തങ്കമ്മ ശാരീരിക അവശത മൂലം രംഗത്ത് നിന്ന് മാറി വിശ്രമജീവിതത്തിലാണ്.
പത്ത് വയസ് മുതൽ നാവോറ് പാടുന്ന ഇവർ മുപ്പത് വർഷത്തിലേറെയായി ഈ രംഗത്തുണ്ട്. കന്നി, വൃശ്ചികം, മേടം, കർക്കടകം തുടങ്ങിയ മാസങ്ങളിലാണ് നാവോറുപാട്ടിന്റെ സീസൺ. കാലങ്ങൾ പിന്നിട്ടിട്ടും നാവോറുപാട്ടിന്റെ തനതായ ശൈലി ഇവർ കാത്തുസൂക്ഷിക്കുന്നു. വർഷത്തിൽ ആറ് മാസം നീളുന്ന നാവോർപ്പാട്ടിന് പോയി കിട്ടുന്ന ദക്ഷിണകളാണ് ജീവിത ഉപാധി. ഒരിടത്തുനിന്നും നിശ്ചിത തുക ചോദിച്ചു വാങ്ങിക്കാറില്ലെന്ന് ഭാരതിയും അമ്മിണിയും പറഞ്ഞു. പേടി മാറാൻ കുട്ടികൾക്ക് ചരട് ഊതിക്കെട്ടി കൊടുക്കുന്ന സമ്പ്രദായവും ഇവർക്കുണ്ട്. പുതുതലമുറ ഈ രംഗത്തേക്ക് വരുന്നത് വിരളമാണ്. ഇവരുടെ മക്കൾ കളമെഴുത്തും ചെയ്യും.