പരിഷ്കരിക്കണം പാഴ്‌വാക്കായി ട്രാൻ.പെൻഷൻകാർ ദുരിതത്തിൽ
ആലപ്പുഴ: ഒരുകുടുംബത്തിന് ഒരുമാസം കഴിയാൻ പതിനായിരങ്ങൾ ചെലവ് വരുമ്പോൾ കെ.എസ്.ആർ.ടി.സിയിലെ ഒരുവിഭാഗം പെൻഷൻകാർ ജീവിക്കേണ്ടത് തുച്ഛമായ പെൻഷൻ കാശുകൊണ്ട്. ഈ തുക പരിഷ്കരിക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. സർവീസിൽ നിന്ന് വിരമിച്ച ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് എന്നിവരാണ് ചെറിയ തുകകൊണ്ട് ഒരുമാസം ജീവിക്കുന്നത്. 4000-8000 രൂപ വരെയാണ് ഇവർക്ക് പെൻഷനായി ലഭിക്കുന്നത്. കുടുംബ പെൻഷൻകാർക്ക് ലഭിക്കുന്നത് 1350 രൂപയും. സർക്കാർ പെൻഷനുള്ളതിനാൽ ഇവർ എ.പി.എൽ വിഭാഗക്കാരാണ്. സാമൂഹിക ക്ഷേമ പെൻഷനായി സർക്കാർ 1600 രൂപ നൽകുമ്പോഴാണ് ഇവർക്ക് 1350 രൂപ മാത്രം ലഭിക്കുന്നത്. ഈ വിഭാഗത്തിൽ 2000ഓളം പെൻഷൻകാരുണ്ട്.15 വർഷം മുമ്പാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്കകരണം നടന്നത്. പിന്നീട് പലതവണ പരിഷ്കരണം ആവശ്യപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായില്ല.
ജനുവരിയിൽ സർക്കാരുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാക്ക് നൽകിയെങ്കിലും ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി, ധന മന്ത്രി, ഗതാഗത മന്ത്രി എന്നിവരുമായാണ് ചർച്ച നടത്തിയത്. ഇതോടെ 38 ദിവസമായി നടത്തിയിരുന്ന സമരം അവസാനിപ്പിക്കുകയും ചെയ്തു.
പെൻഷൻ പരിഷ്‌കരണം നടപ്പാക്കിയാൽ 3000 രൂപവരെ പരമാവധി അധികമായി ഇവർക്ക് ലഭിക്കും. കഴിഞ്ഞ ഏഴുവർഷമായി ഇവർക്ക് ഉത്സവ ബത്ത ലഭിച്ചിട്ടില്ല.1250 രൂപ വീതം ഇത്തവണ ഉത്സവബത്ത നൽകുമെന്നതും വാഗ്ദാനത്തിൽ ഒതുങ്ങി.
സമരത്തിലേക്ക്
സർക്കാർ കെ.എസ്.ആർ.ടി.സി പെൻഷൻകാരെ തഴയുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ 21 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. ഇതിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് ആലപ്പുഴ ബസ്‌സ്‌റ്റേഷനിൽ സത്യാഗ്രഹം നടത്തും.എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സർക്കാരിനെ വിശ്വസിച്ച് സമരം അവസാനിപ്പിച്ചിട്ടും അനുകൂല നടപടി ഉണ്ടായില്ല. പെൻഷൻ പരിഷ്കരിക്കണമെന്ന ന്യായമായ ആവശ്യമാണ് നടക്കാതെ പോകുന്നത്
-ബേബി പാറക്കാടൻ, യൂണിറ്റ് പ്രസിഡന്റ്
കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ