തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി ചർച്ച മുന്നണികളിൽ സജീവം

Wednesday 15 October 2025 1:35 AM IST

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണ, ജനറൽ വാർഡുകളിലെ നറുക്കെടുപ്പ് പുരോഗമിക്കവേ,​ സ്ഥാനാർത്ഥികൾക്കായി മുന്നണികളിൽ ചർച്ചകൾ സജീവം. ഗ്രാമപഞ്ചായത്ത് വാർഡുകളിലെ പട്ടികജാതി സ്ത്രീ,പട്ടികജാതി, സ്ത്രീ സംവരണ വാർഡുകൾ നിശ്ചയിക്കപ്പെട്ടതോടെ ഓരോ വാർഡുകളിലും ജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനാണ് അണിയറയിൽ ചർച്ചകളും ആലോചനകളും മുറുകുന്നത്.നിലവിലെ ജനപ്രതിനിധികളും പുതുമുഖങ്ങളും ഉൾപ്പെടെ സ്ഥാനാർത്ഥി ചിത്രത്തിലേക്ക് കടന്നുവരാനുള്ള പരിശ്രമങ്ങളിലാണ്. വിവാഹം, മരണം, ഗൃഹപ്രവേശം തുടങ്ങി തങ്ങളുടെ പ്രദേശത്തെ പരിപാടികളിലെല്ലാം സ്ഥാനാർത്ഥി മോഹികളുടെ തള്ളിക്കയറ്റം തുടങ്ങിയിട്ടുണ്ട്.

വോട്ടർപ്പട്ടികയിൽ ആളെ ഉൾപ്പെടുത്തുന്നതും അനർഹരെ ഒഴിവാക്കലും ഉൾപ്പടെ വാർഡ് തലത്തിൽ സജീവമാണെങ്കിലും ഭരണം നിലനിർത്താനുള്ള അണിയറ നീക്കങ്ങളും ശക്തമാണ്. നിലവിലെ വാർഡുകൾ നിലനിർത്തുന്നതിനൊപ്പം കഴിഞ്ഞ തവണ നഷ്ടമായവ തിരികെ പിടിക്കാനായി രാഷ്ട്രീയ സ്വഭാവമനുസരിച്ച് വോട്ടർമാരെ വാർഡിനോട് ചേർക്കലും ഒഴിവാക്കലുമുൾപ്പെടെ സൈക്കോളജിക്കൽ മൂവുകളും നടക്കുന്നുണ്ട്.

അതേസമയം,​വോട്ടർ പട്ടികയിൽ ക്രമക്കേടാരോപിച്ചുള്ള പരാതികളുടെ എണ്ണവും ദിനം പ്രതി വർദ്ധിക്കുന്നതായാണ് വിവരം. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനോടനുബന്ധിച്ച് പരാതികൾ പരിഹരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പെങ്കിലും പ്രതിപക്ഷ സംഘടനകൾ ഇതിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വേണ്ടിവന്നാൽ കോടതികളെ സമീപിക്കാനുളള ആലോചനയുണ്ട്. ഗ്രാമ പഞ്ചായത്തുകൾക്ക് ശേഷം ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ നറുക്ക് കൂടി അവസാനിച്ചാൽ സ്ഥാനാർത്ഥികളും പിന്നാലെ മത്സരവും കളം വ്യക്തമാകും.ആലപ്പുഴയിൽ ഭൂരിപക്ഷം പഞ്ചായത്തുകളും ബ്ളോക്ക് പഞ്ചായത്തുകളും ഇടതുഭരണത്തിലാണ്.

നറുക്കെടുപ്പ് പുരോഗമിക്കുന്നു

1.സർക്കാരിന്റെ പ്രവർത്തനത്തിലും ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെ സമകാലിക സംഭവങ്ങളിലെ അതൃപ്തിയും പ്രാദേശികമായ വികസന മുരടിപ്പുകളും വോട്ടാക്കി മാറ്റാനാണ് കോൺഗ്രസും ബി.ജെ.പിയും പരിശ്രമിക്കുന്നത്

2. ഇതിന്റെ ഭാഗമായി ഇടതുഭരണത്തിലുള്ള പഞ്ചായത്തുകളിലെല്ലാം ഭരണ സമിതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ജനങ്ങളെ അണിനിരത്താനാണ് യു.ഡി.എഫിന്റെ പദ്ധതി. കൂടാതെ സ്വന്തം പഞ്ചായത്തുകളിൽ ഭരണ നേട്ടം പ്രചരിപ്പിക്കും

3.സമാന നിലയിലുള്ള തന്ത്രങ്ങളാണ് ഇടതുമുന്നണിയും ആവിഷ്കരിക്കുന്നത്. ലൈഫ് പദ്ധതി, അതിദാരിദ്ര്യമുക്ത പദ്ധതി, റോഡുകളുടെയും ആരോഗ്യ ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനം തുടങ്ങിയ നേട്ടങ്ങളാണ് ഇടതുമുന്നണി ഭരണനേട്ടമായി ചൂണ്ടിക്കാട്ടുന്നത്

4.മൂന്നാമതും തുടർഭരണം ലക്ഷ്യം വച്ചുള്ള തിരഞ്ഞെടുപ്പിന്റെ ട്രയലായി തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്ന ഇടതുമുന്നണി വോട്ടർ പട്ടികയിൽ പരമാവധി ആളുകളെ ചേർത്ത് ജനവിധി തങ്ങൾക്കനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്