ഇന്ത്യയ്‌ക്ക് ഗൂഗിളിന്റെ സമ്മാനം: 1.3 ലക്ഷം കോടിയുടെ എ.ഐ ഹബ്ബ്
ന്യൂഡൽഹി: ഇന്ത്യയിൽ 1.3 ലക്ഷം കോടിയുടെ (15 ബില്യൺ യു.എസ് ഡോളർ) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) കേന്ദ്രവും ഡാറ്റ സെന്ററും സ്ഥാപിക്കുമെന്ന് യു.എസ് ടെക് ഭീമൻമാരായ ഗൂഗിളിന്റെ പ്രഖ്യാപനം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സ്ഥാപിക്കുന്നത്. ഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ഭാരത് എ.ഐ ശക്തി പരിപാടിയിലായിരുന്നു പ്രഖ്യാപനം. യു.എസിന് പുറത്ത് ഗൂഗിൾ നിർമ്മിക്കുന്ന വലിയ എ.ഐ ഹബ്ബാണിതെന്ന് ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ തോമസ് കുര്യൻ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ചുവർഷം കൊണ്ട് 1.3 ലക്ഷം കോടി നിക്ഷേപിക്കും. ആന്ധ്രാ സർക്കാരും ഗൂഗിളും ധാരണാപത്രത്തിൽ ഒപ്പിട്ടു. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, അശ്വിനി വൈഷ്ണവ്, സഹമന്ത്രി നാര ലോകേഷ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ധാരാണാപത്രം ഒപ്പിട്ടതിനു പിന്നാലെ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. പദ്ധതിയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പിച്ചൈ എക്‌സിൽ കുറിച്ചു.
ഗിഗാവാട്ട് സ്‌കെയിൽ ഡാറ്റ സെന്റർ ഉൾപ്പെടെയുള്ള ബഹുമുഖ നിക്ഷേപ പദ്ധതി വികസിത ഭാരത ദൗത്യത്തിനൊപ്പം ചേർന്നു നിൽക്കുന്നതാണെന്ന് പിച്ചൈയുടെ പോസ്റ്റ് പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചു. പദ്ധതി ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും. ഇതിലൂടെ ആഗോള സാങ്കേതിക നേതൃസ്ഥാനം ഇന്ത്യ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
യു.എസിന് പുറത്തുള്ള
വലിയ എ.ഐ ഹബ്ബ്
ഗൂഗിളിന്റെ എ.ഐ വിന്യാസം ഇന്ത്യയിൽ യാഥാർത്ഥ്യമാകും
ഇന്ത്യയിലെ ആദ്യ ഗിഗാവാട്ട് സ്‌കെയിൽ ഡാറ്റാ സെന്റർ
ആയിരക്കണക്കിന് സൂപ്പർ കമ്പ്യൂട്ടറുകളും സെർവറുകളും
വിശാഖപട്ടണം 12 രാജ്യങ്ങളിലുള്ള ഗൂഗിളിന്റെ എ.ഐ ഡാറ്റാ നെറ്റ്‌വർക്കിന്റെ ഭാഗമാകും
ഇന്ത്യ- യുഎസ് എ.ഐ അനുബന്ധ വ്യാപാരം വർദ്ധിക്കും
എ.ഐ അധിഷ്ഠിത സാമ്പത്തിക- സാമൂഹിക വികസനത്തിന് കരുത്താകും
എ.ഐ മോഡലുകൾ പരിശീലിപ്പിക്കും