സ്മാർട്ട് റോഡിലെ വെട്ടിപ്പൊളിക്കൽ: പരസ്പരം പഴിചാരി വാട്ടർ അതോറിട്ടിയും കെ.ആർ.എഫ്.ബിയും

Wednesday 15 October 2025 3:20 AM IST

തിരുവനന്തപുരം: നഗരത്തിലെ സ്മാർട്ട് റോഡുകളിലെ സ്വീവേജ് ലൈനുകളിലെ ചോർച്ചയിലും അറ്റകുറ്റപ്പണികളിലും പരസ്പരം പഴിചാരി കേരള റോഡ് ഫണ്ട് ബോർഡും (കെ.ആർ.എഫ്.ബി) വാട്ടർ അതോറിട്ടിയും. നിർമ്മാണം പൂർത്തിയാക്കിയ സ്മാർട്ട് റോഡുകളിലുണ്ടായ പ്രശ്നങ്ങൾ കെ.ആർ.എഫ്.ബിയും കരാറുകാരുമാണ് പരിഹരിക്കേണ്ടതെന്ന് വാട്ടർ അതോറിട്ടി പറയുമ്പോൾ,റോഡിന്റെ അടിയിലൂടെയുള്ള പഴയ സ്വീവേജ് ലൈനിലെ പ്രശ്നങ്ങൾ വാട്ടർ അതോറിട്ടിയാണ് പരിഹരിക്കേണ്ടതെന്ന് കെ.ആർ.എഫ്.ബിയും പറയുന്നു.

കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡിൽ കൊത്തുവാൾ തെരുവിന് എതിർവശത്ത് പണി പൂർത്തിയായ റോഡ് വെട്ടിപ്പൊളിച്ച സംഭവത്തിലാണ് രണ്ട് വകുപ്പുകളിലെയും അധികൃതർ പരസ്പരം പഴിചാരുന്നത്.

സ്മാർട്ട് റോഡ് നിർമ്മാണ സമയത്ത് പൈപ്പുകൾ മാറ്റുന്ന കാര്യത്തിൽ കൂടിയാലോചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് വാട്ടർ അതോറിട്ടി പറയുന്നു.ആസൂത്രണത്തിലും നിർവഹണത്തിലും മാത്രമല്ല, പദ്ധതി പൂർത്തിയാക്കി വേണ്ട പരിശോധന നടത്തുന്നതിലും വാട്ടർ അതോറിട്ടിയുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടില്ല.

എന്നാൽ, കൊത്തുവാൾ തെരുവിലുണ്ടായ പ്രശ്നം റോ‌ഡിന്റെ അടിയിലൂടെയുള്ള 900 എം.എം സ്വീവേജ് മെയിൻ പൈപ്പിലെ ചോർച്ചയാണെന്ന് കെ.ആർ.എഫ്.ബി, നഗരസഭ അധികൃതർ പറഞ്ഞു. ഇതിലെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്വം വാട്ടർ അതോറിട്ടിക്കാണ്. കാലപ്പഴക്കം ചെന്ന സ്വീവേജ് പൈപ്പുകൾ മാറ്റുന്നതിന് റോഡ് നവീകരണത്തിന് മുൻപ് വാട്ടർ അതോറിട്ടിക്ക് പണം നൽകിയെങ്കിലും ചെലവഴിച്ചില്ല. റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച 12 റോഡുകളിലെ സ്വീവേജ് ലൈൻ അറ്റകുറ്റപ്പണികൾക്ക് 20 കോടിയും നഗരസഭയുടെ റോഡുകളിലെ പണികൾക്കായി 10 കോടിയും വാട്ടർ അതോറിട്ടിക്ക് മുൻകൂറായി നൽകിയിരുന്നു. എന്നാൽ, ഇതൊന്നും ചെലവഴിച്ചില്ലെന്ന് കെ.ആർ.എഫ്.ബി, സ്മാർട്ട് സിറ്റി അധികൃതർ പറഞ്ഞു.

കാലപ്പഴക്കമുള്ളവ മാറ്റാൻ പദ്ധതിയില്ല

നഗരത്തിലെ കാലപ്പഴക്കമേറിയ സ്വീവേജ് പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്നാവശ്യം ശക്തമാണെങ്കിലും ഇതിനായി പ്രത്യേക പദ്ധതിയൊന്നും വാട്ടർ അതോറിട്ടി തയ്യാറാക്കിയിട്ടില്ല.സ്മാർട്ട് റോഡുകളിൽ കുടിവെള്ള, സ്വീവേജ് പൈപ്പ് കണക്ഷനുകൾ യൂട്ടിലിറ്റി ഡക്ടിലാക്കി നവീകരിക്കണമെന്നായിരുന്നു നിർദ്ദേശം.കിള്ളിപ്പാലം - അട്ടക്കുളങ്ങര ബൈപ്പാസ് റോഡിൽ സ്വീവേജ് നവീകരണം കൂടി ഉൾപ്പെടുത്തി 33.02 കോടിയാണ് ചെലവഴിച്ചത്. എന്നാൽ, വെള്ളയമ്പലം - തൈക്കാട് റോഡ്, കലാഭവൻ മണി റോഡ് എന്നിവിടങ്ങൾ ഒഴികെ പ്രധാന റോഡുകളിൽ പോലും ഇവ നടപ്പാക്കിയിട്ടില്ല.

എ.ഡി.ബി പദ്ധതിയിൽ പ്രതീക്ഷ

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റണമെന്ന ആവശ്യത്തിൽ വാട്ടർ അതോറിട്ടിയും നഗരസഭയും നേരത്തെ ചില പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഇവയെല്ലാം യോജിപ്പിച്ച് എ.ഡി.ബി വായ്പയിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനാണ് ഇപ്പോഴുള്ള നീക്കം. 2511 കോടിയുടെ എ.ഡി.ബി വായ്പയിൽ കൊച്ചിയിലെയും തിരുവനന്തപുരത്തെയും കുടിവെള്ള വിതരണം പരിഷ്കരിക്കാനാണ് പദ്ധതി.