ഝാർഖണ്ഡിൽ 3 പൊലീസുകാരെ കൊന്ന മാവോയിസ്റ്റ് അറസ്റ്റിൽ
□എൻ.ഐ.എ പിടി കൂടിയത് മൂന്നാറിൽ നിന്ന്
തൊ ടുപുഴ: ഝാർഖണ്ഡിൽ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാവോയിസ്റ്റിനെ മൂന്നാറിൽ നിന്നും എൻ.ഐ.എ പിടി കൂടി. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ദിനബുവാണ് (30) ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്നും അറസ്റ്രിലായത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. റാഞ്ചി,കൊച്ചി യൂണിറ്റുകളിലെ എൻ.ഐ.എ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രി 9.30 ന് എസ്റ്രേറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
2021 മാർച്ചിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടന്നത്. ലാഞ്ച വനമേഖലയിൽ മാവോവാദി നേതാക്കളെ തെരയുകയായിരുന്ന 'ഝാർഖണ്ഡ് ജാഗ്വാർ 'എന്ന പ്രത്യേക സംഘത്തിൽപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരാണ് മാവോവാദികൾ നടത്തിയ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഈ കേസിൽ 19 പേരാണ് പിടിയിലായത്. അറസ്റ്രിലായ സഹൻ 33-ാംപ്രതിയാണ്. മാവോവാദികൾക്ക് ആവശ്യമായ ആയുധങ്ങളും പണവും എത്തിച്ചു നൽകിയതിനാണ് ഇയാളെ പ്രതി ചേർത്തത്. കേസിൽ കുറ്രപത്രം നൽകിയതോടെയാണ് ഝാർഖണ്ഡിൽ നിന്നും രക്ഷപ്പെട്ടെത്തിയത്.ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കൊച്ചി എൻ.ഐ.എ ഓഫീസിലെത്തിച്ചു. ഇനി ഝാർഖണ്ഡിലേക്ക് കൊണ്ടുപോകും.