രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ച് 20 മരണം

Wednesday 15 October 2025 12:52 AM IST

ജയ്‌പൂർ: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന ബസിൽ 57 പേർ ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവർ ചികിത്സയിലാണ്. 15 പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ജയ്സാൽമീറിൽ നിന്ന് പുറപ്പെട്ട് ഏകദേശം 20 കിലോമീറ്റർ പിന്നിട്ടപ്പോൾ എ.സി ബസിൽ നിന്ന് പുകയുയർന്നു. ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി നിറുത്തി. നിമിഷങ്ങൾക്കുള്ളിൽ തീപിടിക്കുകയും ആളിക്കത്തുകയുമായിരുന്നു. ഗ്രാമവാസികളും മറ്റ് വാഹന യാത്രക്കാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബസ് പൂർണമായും കത്തിക്കരിഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അപകട സ്ഥലം സന്ദർശിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി.