ഓപ്പറേഷൻ സിന്ദൂറിന് മുമ്പ് അതിർത്തികൾ സുരക്ഷിതമാക്കി: സേന
ന്യൂഡൽഹി: പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിന് മുന്നോടിയായി അതിർത്തികളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ശത്രു പിന്തിരിയുമെന്ന് ഉറപ്പായിരുന്നുവെന്നും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. യു.എൻ സമാധാന സേനയുടെ ഭാഗമായ രാജ്യങ്ങളുടെ സമ്മേളനത്തിൽ (യു.എൻ.ടി.സി.സി) സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാൻ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വേദിയിൽ ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യവും ഭീകരതയുടെ വെല്ലുവിളിയും ഇന്ത്യ വിശദീകരിച്ചു. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഉറപ്പായതിനാലാണ് കാശ്മീർ റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന പിന്നീട് പിൻവാങ്ങിയത്. ഇന്ത്യയുടെ ശക്തമായ പ്രതികരണം അവർ പ്രതീക്ഷിച്ചു. ഏപ്രിൽ 22നും മേയ് 6-7 രാത്രികൾക്കുമിടയിൽ അതിനുള്ള തയാറെടുപ്പിലായിരുന്നു ഇന്ത്യൻ സേന. ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം അതിർത്തികളിൽ ചില മുൻകരുതൽ വിന്യാസങ്ങളും നടത്തി. വിവിധ ഏജൻസികൾ സൂക്ഷ്മമായി പരിശോധിച്ച നിരവധി ലക്ഷ്യങ്ങളിൽ നിന്നാണ് ആക്രമിക്കാനുള്ള അന്തിമ പട്ടിക തയാറാക്കിയത്.
ജമ്മു കാശ്മീരിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരത കാരണം 15,000ത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 80കളുടെ അവസാനം മുതൽ ജമ്മു കാശ്മീരിൽ 28,000ത്തിലധികം ഭീകരാക്രമണങ്ങളുണ്ടായി. 90കൾ മുതൽ,100,000ത്തിലധികം ന്യൂനപക്ഷങ്ങൾ അവിടെ നിന്ന് പലായനം ചെയ്തു. കാശ്മീരിൽ 15,000 സാധാരണക്കാരും 3000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. നിലവിൽ യു.എന്നിന്റെ, 51 സമാധാന ദൗത്യങ്ങളിലായി ഏകദേശം 300,000 സൈനികരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. നിലവിൽ, 11 സജീവ ദൗത്യങ്ങളിൽ 9 എണ്ണത്തിലും ഇന്ത്യ പങ്കെടുക്കുന്നുണ്ട്.