ബിൽ മാറാൻ കൈക്കൂലി : മുൻ അസി. എൻജിനിയർക്ക് 10 വർഷം തടവ്

Wednesday 15 October 2025 12:56 AM IST

തിരുവനന്തപുരം: കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് പരിധിയിലെ ബീമാപള്ളി വാർഡിലെ പ്രവൃത്തിയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ മുൻ അസി.എൻജിനിയർ സി.ശിശുപാലന് 10 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ.മനോജിന്റേതാണ് ഉത്തരവ്. 2017-18 കാലയളവിലായിരുന്നു സംഭവം. ഇന്റർലോക്ക് പാകിയതിന്റെ 4.22 ലക്ഷം രൂപയുടെ ബിൽ പാസാക്കാനായിരുന്നു 15,​000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 5,000 രൂപ വാങ്ങി. ബാക്കി തുകയായ 10,000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു.

വിവിധ വകുപ്പുകളിലായാണ് പത്തുവർഷത്തെ തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് ഉത്തരവിലുള്ളത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.