ബീഹാറിന്റെ വിധി നിർണയിക്കുന്ന സീറ്റുകൾ
ന്യൂഡൽഹി: ഇഞ്ചോടിഞ്ച് പോരുനടന്ന 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 5000ൽ താഴെ ഭൂരിപക്ഷത്തിന് വിധി നിർണയിക്കപ്പെട്ട 52 ഓളം സീറ്റുകൾ ബീഹാറിൽ ഇക്കുറിയും നിർണായകം. ഇതിൽ 27 ഇടത്ത് മഹാമുന്നണിയും 24 സീറ്റുകളിൽ എൻ.ഡി.എയും ജയിച്ചു. എല്ലായിടത്തും വിജയിയും രണ്ടാം സ്ഥാനക്കാരനും തമ്മിലുള്ള വ്യത്യാസം 5,000 താഴെ വോട്ടുകൾ. ഇക്കുറിയും ചെറിയ ഭൂരിപക്ഷമാകും വിജയം നിർണയിക്കുകയെന്നാണ് സൂചന. അതിനാൽ ഇരു മുന്നണികളും ഇവിടങ്ങളിൽ കേന്ദ്രീകരിക്കുമെന്ന് ചുരുക്കം.
2020ൽ കടുത്ത മത്സരം നടന്ന 15 സീറ്റുകളിൽ രാഷ്ട്രീയ ജനതാദളും (ആർ.ജെ.ഡി) ഒമ്പത് ഇടത്ത് കോൺഗ്രസും സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എൽ) ലിബറേഷൻ എന്നിവ ഓരോന്നും നേടി. മറുഭാഗത്ത് നിതീഷ് കുമാറിന്റെ ജെ.ഡി.യുവാണ് കൂടുതലിടത്ത് ജയിച്ചത്: 13, ബി.ജെ.പി ഒമ്പതിടത്തും. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ച (സെക്കുലർ), അന്ന് എൻ.ഡി.എയിലായിരുന്ന, ഇപ്പോൾ പ്രതിപക്ഷത്തുള്ള മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി (വി.ഐ.പി)എന്നിവ ഓരോന്നും നേടി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 52ൽ 20 സീറ്റുകളിലും എൻ.ഡി.എയാണ് ആധിപത്യം പുലർത്തിയത്. പക്ഷേ 2020 ൽ എൻ.ഡി.എ ജയിച്ച ആറ് മണ്ഡലങ്ങളിൽ പ്രതിപക്ഷ സഖ്യം മുന്നിലെത്തി.
ഭൂരിപക്ഷവും ജയിച്ചവരും
നളന്ദ ജില്ലയിലെ ഹിൽസ: 12 -ജെ.ഡി.യു
ഷെയ്ഖ്പൂർ ജില്ലയിലെ ബാർബിഗ: 133-ജെ.ഡി.യു
ഹസാരിബാഗ് ജില്ലയിലെ രാംഗഡ്: 189-ജെ.ഡി.യു
മൈഥിനി: 333- ലോക് ജനശക്തി പാർട്ടി
ഗോപാൽഗഞ്ച് ജില്ലയിലെ സംവരണ സീറ്റായ ഭോറെ: 462-ജെ.ഡി.യു
ബച്വാര (ബെഗുസാരായി ജില്ല): 484- ബി.ജെ.പി
ചകായ് (ജമുയി ജില്ല): 581- സ്വതന്ത്രൻ ആർ.ജെ.ഡിയെ തോൽപ്പിച്ചു
കുർഹാനി (മുസാഫർപൂർ): 712- ആർ.ജെ.ഡി
ബഖ്രി (ബെഗുസാരായി): 777- സി.പി.ഐ