സാക്ഷികളുടെയും ശബ്‌ദ സാമ്പിളുകൾ ശേഖരിക്കാൻ മജിസ്ട്രേട്ടുമാർക്ക് ഉത്തരവിടാം
ന്യൂഡൽഹി: പ്രതികളുടെ മാത്രമല്ല, സാക്ഷികളുടെയും ശബ്‌ദ സാംപിളുകൾ ശേഖരിക്കാൻ മജിസ്ട്രേട്ടുമാർക്ക് ഉത്തരവിടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്രിമിനൽ നടപടിക്രമത്തിൽ ഇതിനായി പ്രത്യേക വകുപ്പില്ലെങ്കിലും, കേസ് അന്വേഷണത്തിന്റെ ഭാഗമായി ശബ്‌ദ സാംപിളുകൾ നൽകണമെന്ന് 'വ്യക്തികൾക്ക്' നിർദ്ദേശം നൽകാൻ ജുഡീഷ്യൽ മജിസ്ട്രേട്ടുമാർക്ക് അധികാരമുണ്ട്. വ്യക്തിയെന്നതിൽ പ്രതി മാത്രമല്ല സാക്ഷികളും ഉൾപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്,കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിൽ 2021ൽ യുവതി കൊല്ലപ്പെട്ട കേസ് പരിഗണിക്കവെയാണ് നിലപാട്. കുടുംബവഴക്കിനെ തുടർന്നുണ്ടായ കൊലപാതകത്തിന്റെ അന്വേഷണത്തിനിടെ, സാക്ഷിയായ ബന്ധുവിന്റെ ശബ്‌ദസാംപിളുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ മജിസ്ട്രേട്ടിന്റെ അനുമതി തേടി. മജിസ്ട്രേട്ട് അപേക്ഷ അനുവദിച്ചു. എന്നാൽ നടപടി കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയതോടെ യുവതിയുടെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.