ഓപ്പറേഷൻ സിന്ദൂർ പുതിയ പാഠം: ജന. അനിൽ ചൗഹാൻ
ന്യൂഡൽഹി: യുദ്ധത്തിൽ തീരുമാനത്തിന്റെയും സമയത്തിന്റെയും പ്രാധാന്യം അടക്കം പുതിയ പാഠങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് പഠിച്ചെന്ന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. യുദ്ധം നടത്തുന്നത് സായുധ സേന ഒറ്റയ‌്ക്കല്ലെന്നും രാജ്യം മുഴുവൻ പങ്കുചേരുമെന്നും രാഷ്ട്രീയ നേതാക്കൾ, നയതന്ത്രജ്ഞർ തുടങ്ങിയവർക്കും പങ്കുണ്ടെന്നും തെളിഞ്ഞു. ചർച്ചയും ഭീകരതയും ഒരുമിച്ച് പോകില്ലെന്ന കൃത്യമായ സന്ദേശമാണ് ഇന്ത്യ നൽകിയതെന്നും മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെ സിന്ധ്യ സ്കൂളിന്റെ 128-ാമത് സ്ഥാപക ദിനാഘോഷത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്തു.
ആണവശേഷി ഉപയോഗിച്ച് എന്തും ചെയ്യാൻ കഴിയുമെന്ന് പാകിസ്ഥാൻ കരുതി. പക്ഷേ ഓപ്പറേഷൻ സിന്ദൂർ അത് തെറ്റാണെന്ന് തെളിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതം കായിക രംഗത്തും ദൃശ്യമായെന്ന് ഏഷ്യാ കപ്പ് ക്രിക്കറ്റിലെ വിജയം ഓർമ്മിപ്പിച്ചുകൊണ്ട് ജനറൽ ചൗഹാൻ പറഞ്ഞു. നമ്മുടെ സേന 24 മണിക്കൂറും വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുന്നു. വ്യോമ പ്രതിരോധം, ഇലക്ട്രോണിക് യുദ്ധം, ഡ്രോണുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇപ്പോൾ യുദ്ധങ്ങൾ നടക്കുന്നത്. സേന രാജ്യത്ത് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾ പൗരന്മാരുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും സിഡിഎസ് ചൂണ്ടിക്കാട്ടി. 2047ൽ വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം നേടണം. വരാനിരിക്കുന്ന യുഗം ഇന്ത്യയുടേതാണ്. 140 കോടി ജനങ്ങൾ ഒന്നിച്ച് ആ ലക്ഷ്യം നേടും.