കരാർ ലംഘനം, ആശങ്ക ഒമ്പത് പാലസ്തീനികളെ വെടിവച്ചുകൊന്ന് ഇസ്രയേൽ
പലയിടത്തും ആക്രമണം, നിരവധി പേർക്ക് പരിക്ക്
ടെൽ അവീവ്: സമാധാനം പുലർന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ ഗാസയിൽ വീണ്ടും ആശങ്കയായി ഇസ്രയേൽ ആക്രമണം. വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിനുപിന്നാലെ ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അഞ്ച് പാലസ്തീനികളെ വെടിവച്ചുകൊന്നു. കരാറിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണിത്. കരാർ ലംഘിച്ച് അടുത്തേക്ക് വന്ന അഞ്ചുപേരെയാണ് കൊലപ്പെടുത്തിയതെന്നും മുന്നറിയിപ്പ് അവഗണിച്ചെന്നും ഐ.ഡി.എഫ് വ്യക്തമാക്കി. മഞ്ഞവര കടന്നെന്നും അത് കരാറിന്റെ ലംഘനമാണെന്നും വ്യക്തമാക്കി. ഗാസയിലെ ഷുജായ മേഖലയിലാണ് സംഭവം.
അതേസമയം ഇതുൾപ്പെടെ ഗാസയിൽ ഇന്നലെ പുലർച്ചെ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. വടക്കൻ ഗാസയിലെ ജബലിയയിലെ ഹലാവയിൽ വെടിവയ്പിൽ നിരവധി പാലസ്തീനികൾക്ക് പരിക്കേറ്റു.ഖാൻ യൂനിസിൽ രണ്ട് പേർക്കും പരിക്കേറ്റു.വെസ്റ്റ് ബാങ്കിലെ നിരവധി നഗരങ്ങളിൽ ഇസ്രയേൽ സൈന്യം അതിക്രമിച്ച് കയറി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഈജിപ്റ്റിൽ നടന്ന സമാധാനക്കരാർ വിജയകരമായി പൂർത്തിയായതിനു പിന്നാലെയാണ് കരാർ ലംഘനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബന്ദി കൈമാറ്റം തിങ്കളാഴ്ച പൂർത്തിയായിരുന്നു. 20 ബന്ദികളെ ഹമാസ് കൈമാറി. അതേസമയം, ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പാലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്.
മൃതദേഹം തിരിച്ചറിഞ്ഞു
തിങ്കളാഴ്ച ഹമാസ് തിരിച്ചയച്ച നാല് മൃതദേഹങ്ങൾ ഇസ്രയേൽ അധികൃതർ ഔദ്യോഗികമായി തിരിച്ചറിഞ്ഞു.
ഗൈ ഇല്ലൂസ്, യോസി ഷറാബി, ബിപിൻ ജോഷി, ഡാനിയേൽ പെരസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച്ച ഹമാസ് കൈമാറിയത്.തടവിൽ മരിച്ച 28 ബന്ദികളിൽ 4 പേരുടെ മാത്രം മൃതദേഹം മാത്രമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മറ്റുളളവരുടെ മൃതശരീരം വീണ്ടെടുക്കാൻ ആയില്ലെന്നാണ് ഹമാസ് പറയുന്നത്.നേപ്പാൾ സ്വദേശിയാണ് ബിപിൻ ജോഷി.മൃതദേഹം ഇസ്രയേലിലേക്ക് തിരിച്ചെത്തിയതായി നേപ്പാൾ അംബസഡർ ധൻ പ്രസാദ് പണ്ഡിറ്റ് അറിയിച്ചു. അതേസമയം ഇസ്രയേലിൽ നിന്ന് 45 പാലസ്തീനികളുടെ മൃതദേഹങ്ങൾ റെഡ് ക്രോസ് ഏറ്റുവാങ്ങിയതായി മെഡിക്കൽ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.മരണകാരണം കണ്ടെത്താൻ മൃതദേഹങ്ങൾ പരിശോധിച്ച് വരുകയാണ്.വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രയേൽ ജയിലുകളിൽ നിന്ന് ഏകദേശം 2,000 തടവുകാരെ മോചിപ്പിച്ചു.
പുനർനിർമ്മാണം അകലെ
പാലസ്തീർ ജനത മടങ്ങിയെത്തുന്നത് ശൂന്യമായ സ്ഥലത്താണ്. കെട്ടിടാവശിഷ്ടങ്ങൾ മാത്രമുള്ള തങ്ങളുടെ മണ്ണ്.തകർന്ന കെട്ടികങ്ങൾക്കിടയിൽ നിന്ന് ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെടുക്കുന്നു. ഗാസ പുനർനിർമ്മാണത്തിന് ഗൾഫ് രാജ്യങ്ങൾ, യു.എസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ പിന്തുണ തേടുമെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ അറിയിച്ചു. ധനസഹായം വേഗം ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമീപകാല നീക്കങ്ങളെ ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള നിർമ്മാണ ബ്ലോക്കുകളായി കാണണമെന്നും അദ്ദേഹം കൂച്ചേർത്തു.
ലെബനനിൽ ആക്രമണം
തെക്കൻ ലെബനന്റെ ഭാഗമായ ടിബ്നൈൻ, ഹാരിസ് പട്ടണങ്ങളിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയതായി ലെബനൻ ദേശീയ വാർത്താ ഏജൻസി അറിയിച്ചു.കഴിഞ്ഞ നവംബറിൽ ഹിസ്ബുള്ളയുമായും ലെബനൻ സർക്കാരുമായുമുണ്ടായ വെടിനിറുത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രയേൽ ലെബനനിലുടനീളം ആക്രമണം നടത്തി.