നോർവെയിലെ എംബസി അടച്ചുപൂട്ടി വെനസ്വേല
കാരക്കാസ്: പ്രതിപക്ഷ നേതാവായ മറിയ കൊറിന മചാഡോയെ നൊബേൽ പുരസ്കാരം നൽകി ആദരിച്ചതിനു പിന്നാലെ നോർവെയിലെ എംബസി അടച്ചുപൂട്ടി വെനസ്വേല. വിദേശത്തുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം.കാരണമൊന്നും അറിയിക്കാതെ ഓസ്ലോയിലെ എംബസി വെനസ്വേല അടച്ചുപൂട്ടിയതായി നോർവെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.എംബസി അടച്ചുപൂട്ടിയ തീരുമാനത്തെ ‘ഖേദകരം’ എന്ന് നോർവെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.നോബൽ സമ്മാനത്തിൽ നോർവീജിയൻ സർക്കാറിന് പങ്കില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.
യു.എസ് സഖ്യകക്ഷിയായ ആസ്‌ട്രേലിയയിലെ തങ്ങളുടെ എംബസി നേരത്തെ വെനസ്വേല അടച്ചുപൂട്ടിയിരുന്നു. പകരം ആഫ്രിക്കൻരാജ്യങ്ങളായ സിംബാബ്‌വെയിലും ബുർക്കിന ഫാസോയിലും പുതിയ ഔട്ട്‌പോസ്റ്റുകൾ തുറന്നു.വെനസ്വേലയും യു.എസും തമ്മിലുള്ള സംഘർഷാവസ്ഥക്കിടയിലാണ് രണ്ട് അടുത്ത യു.എസ് സഖ്യകക്ഷികളായ രാജ്യങ്ങളിലെ എംബസികൾ മദൂറോ സർക്കാർ അടച്ചുപൂട്ടുന്നത്.വെനസ്വേലൻ ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി മചാഡോക്ക് പുരസ്കാരം സമ്മാനിച്ചത്.