ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ഉർദുഗാന്റെ ഉപദേശം സുന്ദരിയാണ്, എന്നാൽ ഈ പുകവലി നിർത്തണം

Wednesday 15 October 2025 1:40 AM IST

കെയ്റോ:പുകയിലക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ.

സുഹൃത്തുക്കളായാലും രാഷ്ട്രനേതാക്കളായാലും പുകവലിക്കുന്നത് നിർത്തണമെന്ന് പറയാൻ ഉർദുഗാന് ഒരു മടിയുമില്ല.കെയ്റോയിൽ ഗാസ അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയോടാണ് പുകവലി നിർത്തണമെന്ന് ഉർദുഗാൻ പറഞ്ഞത്.

നിങ്ങൾ കാണാൻ സുന്ദരിയാണെന്നും പക്ഷേ പുകവലി നിർത്തണമെന്നും ഉർദുഗാൻ മെലോണിയോട് പറഞ്ഞു.പുകവലി ഉപേക്ഷിക്കുന്നത് എന്റെ സാമൂഹികവത്കരണം കുറക്കുമെന്നും എനിക്ക് ആരേയും കൊല്ലേണ്ട എന്നും മെലോണി കൂട്ടിച്ചേർത്തു.മെലോണിയെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളെ അസാധ്യമാണെന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തന്റെ പുകവലി ശീലമാണ് തുനീസ്യൻ പ്രസിഡന്റ് കായിസ് സെയ്ദ് അടക്കമുള്ള ആഗോള നേതാക്കളുമായുള്ള ബന്ധം ഉറപ്പിച്ചതെന്ന് പല അഭിമുഖങ്ങളിലും മെലോണി തുറന്നുപറഞ്ഞിട്ടുണ്ട്.സമീപ കാലത്ത് തുർക്കിയെ പുകയില വിമുക്ത രാജ്യമാക്കുമെന്ന് ഉർദുഗാൻ പ്രഖ്യാപിച്ചിരുന്നു. 2024 മുതൽ 2028 വരെ നീണ്ടുനിൽക്കുന്ന കാംപയിനും രാജ്യത്ത് തുടങ്ങിയിട്ടുമുണ്ട്.