മഡഗാസ്കറിനെ പിടിച്ചുകുലുക്കി ജെൻ സി പ്രക്ഷോഭം പ്രസിഡന്റ് രാജ്യം വിട്ടു
ആന്റനാനരിവോ:ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി ജെൻ സി പ്രക്ഷോഭം.നേപ്പാളിനും മൊറോക്കോക്കും പിന്നാലെയാണിത്.പിന്നാലെ പ്രസിഡന്റ് ആൻഡ്രി രജോലിന മഡഗാസ്കർ വിട്ടു.നിലവിൽ അവർ എവിടെയാണെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് സിറ്റ്നി രാൻഡ്രിയാനാസോളോനിയൈകോ പറഞ്ഞു.സെപ്റ്റംബർ 25നാണ് മഡഗാസ്കറിൽ പ്രതിഷേധം ആരംഭിച്ചത്.വൈദ്യുതി,കുടിവെള്ള ക്ഷാമം എന്നിവയിൽ പ്രതിഷേധിച്ച് ഉടലെടുത്ത പ്രതിഷേധം അഴിമതിക്കും ദുർഭരണത്തിനുമെതിരെയുള്ള വലിയ പ്രക്ഷോഭമായി മാറുകയായിരുന്നു.2009ൽ രജോലിനയെ അധികാരത്തിലെത്താൻ സഹായിച്ച സൈനീക വിഭാഗമായ കാപ്സാറ്റ് (CAPSAT) പിന്തുണ പിൻവലിച്ച് പ്രക്ഷോഭകാരികൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായത്. ഇതോടെ ഫ്രഞ്ച് സൈനീക വിമാനത്തിൽ രജോലിന നാടുവിട്ടതെന്നാണ് വിവരം.മറ്റൊരു നേതാവായ ജീൻ ആൻഡ്രെ ന്ദ്രെമാഞ്ചാരിക്ക് താത്കാലിക ചുമതല നൽകിയതായി സെനറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. പിന്നീട് ഓൺലൈനായി നടത്തിയ പ്രതികരണത്തിൽ താൻ സുരക്ഷിതമായ സ്ഥലത്താണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും രജോലിന പറഞ്ഞു. സെപ്റ്റംബർ 25മുതൽ തന്നെ അപായപ്പെടുത്താൻ ശ്രമങ്ങൾ തുടരുകയാണ്.ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് താൻ നാടുവിട്ടതെന്നും രജോലിന പറഞ്ഞു.രജോലിന ഫ്രാൻസിൽ അഭയം തേടിയതായും വിവരങ്ങളുണ്ട്.